സ്വകാര്യ ബസ് സമരം തുടങ്ങി, കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തും
text_fieldsതിരുവനന്തപുരം: ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യബസുടമകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രനിരക്ക് ഒന്നിൽനിന്ന് ആറു രൂപയാക്കുക, കിലോമീറ്റർ നിരക്ക് 90 പൈസയിൽ നിന്ന് 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസുടമ സംയുക്ത സമിതി നേതൃത്വത്തിലാണ് പണിമുടക്ക്.
നവംബർ ഒമ്പതിന് പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവെക്കുന്നതിലേക്ക് നയിച്ച ചർച്ചയിൽ 10 ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ് മന്ത്രി ഉറപ്പുനൽകിയതെങ്കിലും ഇതുവരെ നടപ്പായില്ലെന്നും ഇനി കാത്തിരുന്നും നഷ്ടത്തിലോടിയും കൂടുതൽ പ്രതിസന്ധിയിലാകാനില്ലെന്നുമാണ് ബസുടമകളുടെ നിലപാട്.
പരീക്ഷക്കാലമായതിനാൽ പണിമുടക്കിൽനിന്ന് വിട്ടുനിൽക്കണമെന്നും നിരക്ക് വർധന തത്ത്വത്തിൽ തീരുമാനിച്ചതാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. എന്നു മുതല്‍ കൂട്ടണമെന്നേ തീരുമാനിക്കാനുള്ളൂ. ഈ ഘട്ടത്തിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സർക്കാറിനെ സമ്മർദത്തിലാക്കുന്നതുമായ സമരവുമായി മുന്നോട്ടു പോകണമോയെന്ന് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. 15 ദിവസം മുമ്പ് നോട്ടീസ് നൽകിയിട്ടും സർക്കാർ തീരുമാനമെടുക്കുകയോ ചർച്ചക്ക് വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ബസുടമകൾ കുറ്റപ്പെടുത്തി.
സ്വകാര്യ ബസുകൾ നിരത്തിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ സർവിസ് ഓപറേറ്റ് ചെയ്യാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യകതക്കനുസരിച്ചായിരിക്കും ഡിപ്പോകൾ കേന്ദ്രീകരിച്ചുള്ള അധിക സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.