വിദ്യാര്‍ഥി യാത്രനിരക്ക്; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം
text_fieldsതിരുവനന്തപുരം: വിദ്യാര്‍ഥി യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബസ് ഉടമ സംയുക്തസമിതി ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച സ്വകാര്യ ബസുകള്‍ പണിമുടക്കും. നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്. ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്. ഭാരിച്ച ദൈനംദിന ചെലവുകൾക്കു പുറമേ, അധിക ചെലവാണിതെന്നാണ് ബസുടമകൾ പറയുന്നത്.
സംസ്ഥാനത്ത് എണ്ണായിരത്തോളം സ്വകാര്യബസാണുള്ളത്. യാത്രക്ലേശം ഉണ്ടാകാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ക്രമീകരണം ഏര്‍പ്പെടുത്തി. പരമാവധി ബസ് ഓടിക്കാന്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. സ്വകാര്യബസുകളുടെ കുത്തക പാതകളുള്ള മധ്യ, വടക്കന്‍ ജില്ലകളില്‍ യാത്രക്ലേശം രൂക്ഷമാകാനിടയുണ്ട്. ഉത്തര, മധ്യ മേഖലകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ ബസില്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കും.
ഇതിനിടെ, കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ ഇന്ന് നടത്തിയ മിന്നൽ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. പൊടുന്നനെയുള്ള സമരത്തിൽ വിദ്യാർഥികളും ജീവനക്കാരുമടക്കം ആയിരക്കണക്കിനുപേർ പെരുവഴിയിലായി. തിങ്കളാഴ്ച രാവിലെ ഏഴരക്ക് തുടങ്ങിയ സമരം ഉച്ചയോടെയാണ് അവസാനിച്ചത്. തലശ്ശേരി ബസ് സ്റ്റാൻഡിൽനിന്ന് വിവിധ റൂട്ടുകളിലേക്ക് സർവിസ് നടത്തുന്ന ബസുകൾ വിലക്കിയായിരുന്നു സമരം.
കരിയാട്-കണ്ണൂർ റൂട്ടിൽ സർവിസ് നടത്തുന്ന ‘സീന’ ബസ് കണ്ടക്ടർ ചക്കരക്കല്ല് മൗവഞ്ചേരി സ്വദേശി എക്കാലിൽ സദാനന്ദനെ (59) പോക്സോ കേസിൽ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. വിദ്യാർഥിനികളെ യാത്രക്കിടെ പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. സ്കൂൾ പ്രധാനാധ്യാപകൻ നൽകിയ വിവരത്തെ തുടർന്ന് രണ്ട് വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. എന്നാൽ, പരാതി കെട്ടിച്ചമച്ചതാണെന്നും കണ്ടക്ടറെ മനഃപൂർവം കുടുക്കുകയായിരുന്നുവെന്നുമാണ് ജീവനക്കാർ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.