മഞ്ചേരിയില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് ഇന്നും തുടരും
text_fieldsമഞ്ചേരി: മഞ്ചേരിയില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് ഞായറാഴ്ചയും തുടരും. ശനിയാഴ്ച വൈകീട്ട് മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. ശനിയാഴ്ച പണിമുടക്ക് അറിയാതെ മഞ്ചേരിയിലെത്തിയ യാത്രക്കാര്‍ പെരുവഴിയിലായി. കെ.എസ്.ആര്.ടി.സി അധിക സർവിസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി.
മഞ്ചേരി പോളിടെക്നിക് കോളജിലെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ഫീനിക്സ് ബസിലെ ജീവനക്കാരെ മർദിച്ചെന്നാരോപിച്ചാണ് മഞ്ചേരി-കോഴിക്കോട് റൂട്ടില്‍ സർവിസ് നടത്തുന്ന ബസുകള്‍ സമരം തുടങ്ങിയത്. 56 ബസുകളാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ സര്‍വിസ് നിര്‍ത്തിവെച്ചത്.
വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ സര്‍വിസ് നടത്തില്ലെന്ന നിലപാടില്‍ ബസ് തൊഴിലാളികള്‍ ഉറച്ചുനിന്നതോടെ ശനിയാഴ്ച മഞ്ചേരി- കോഴിക്കോട് റൂട്ടിലോടുന്ന എല്ലാ സ്വകാര്യ ബസുകളും സര്‍വിസ് നിര്‍ത്തിവെക്കുകയായിരുന്നു. ഇതോടെ സമരം അവസാനിപ്പിക്കുവാന്‍ പൊലീസ് ശ്രമം നടത്തി. മഞ്ചേരി എസ്.ഐ കെ.ആര്. ജസ്റ്റിന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതോടെ പത്തോളം വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.
ഇതേസമയം വിദ്യാര്‍ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ നിസാര വകുപ്പു പ്രകാരമാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തതെന്നും അറസ്റ്റ് രേഖപ്പെടുത്താതെ പണിമുടക്ക് അവസാനിപ്പിക്കില്ലെന്നും തൊഴിലാളികള്‍ പൊലീസിനെ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കാമെന്ന് പൊലീസ് പറഞ്ഞെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. ഇതോടെ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞു. സമരം തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രയെ ബാധിക്കും. അനുകൂല നടപടിയില്ലെങ്കില്‍ മറ്റു റുട്ടുകളിലും സര്‍വിസ് നിര്‍ത്തിവെക്കാന്‍ തൊഴിലാളികള്‍ ആലോചിക്കുന്നുണ്ട്.
ചര്‍ച്ചയില്‍ ബസ് ഉടമകളായ ദിനേഷ്കുമാര്‍, പി.ടി.എ സലാം, നിഖില്‍ പാലക്കല്‍, വാക്കിയത്ത് കോയ, വലിയാട് ഹനീഫ, തൊഴിലാളി യൂനിയന്‍ ഭാരവാഹികളായ സി. ശിവദാസന്‍, കണ്ണിയന്‍ ശിഹാബ്, ശറഫുദ്ദീന്‍, ഹംസ കുട്ടിക്കണ്ടം, ഷാജഹാന് തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥികൾക്കും ബസ് ജീവനക്കാർക്കുമെതിരെ കേസ്
മഞ്ചേരി: ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്തു. ബസ് ജീവനക്കാരെ മർദിച്ചെന്ന പരാതിയില്‍ മഞ്ചേരി ഗവ.പോളിടെക്നിക് കോളജിലെ പത്തോളം വിദ്യാര്‍ഥികള്‍ക്കെതിരെയും വിദ്യാര്‍ഥികളുടെ പരാതിയില്‍ മഞ്ചേരി-കോഴിക്കോട് റൂട്ടില്‍ സർവിസ് നടത്തുന്ന ഫീനിക്സ് ബസിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.
ശനിയാഴ്ച വൈകീട്ട് 4.55ന് മഞ്ചേരിയില്‍ നിന്നള കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഫിനിക്സ് ബസ് തുറക്കലില്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പു വടികൊണ്ട് ഡ്രൈവറെ മർദിച്ചൈന്നാണ് ബസ് തൊഴിലാളികളുടെ പരാതി. എന്നാൽ, ബസ് ജിവനക്കാര്‍ അടിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ പരിക്കേറ്റെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
‘വിദ്യാര്‍ഥികളെ മർദിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം’
മഞ്ചേരി: വിദ്യാര്‍ഥികളെ മർദിച്ച ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് അഡ്വ.ഇ.കെ. അന്‍ഷിദ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല.
മഞ്ചേരി തുറക്കലില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നിരന്തരമായി വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നുണ്ട്. ഇതിനെതിരെ പോളി ടെക്നിക്കിലെ വിദ്യാര്‍ഥികള്‍ നിരവധി തവണ മഞ്ചേരി ട്രാഫിക് പൊലീസില്‍ പരാതി നല്‍കിയതാണ്. എന്നാല്‍ ഇതുവരെ പ്രശ്നം പരിഹരിക്കാന്‍ പൊലീസ് തയാറായില്ല.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മഞ്ചേരി തുറക്കലില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥികളെ ബസ് ഇടിച്ചിട്ടുപോകുന്ന സംഭവം ഉണ്ടായി. ഇതിനെതിരെ പ്രതികരിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തത് അംഗീകരിക്കാനാവില്ല. വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ കെ.എസ്.യു ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബസുകള്‍ തടയുമെന്നും അന്‍ഷിദ് പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ജില്ല സെക്രട്ടറി നസീബ് യാസീന്‍, പോളിടെക്നിക് കോളജ് മാഗസിന് എഡിറ്റര്‍ വി. ഷാഹിദ്, പി.രോഹിത്, പി.ശിബില്‍ എന്നിവരും പങ്കെടുത്തു.
‘ബസ് ജീവനക്കാര്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണം’
മഞ്ചേരി: ബസ് ജീവനക്കാര്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബസ് ഉടമകളും തൊഴിലാളികളും വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പരമാവധി വിദ്യാര്‍ഥികളെ ബസില്‍ കയറ്റാറുണ്ട്. മിക്ക ദിവസങ്ങളിലും മഞ്ചേരി-കോഴിക്കോട് പാതയിലെ ഗതാഗതക്കുരുക്ക് കാരണം സമയത്ത് ഓടിയെത്താറില്ല. സമയം വൈകുന്നത് കാരണം ചില സ്റ്റോപ്പുകളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കാറുണ്ട്.
ഭീമമായ നഷ്ടം സഹിച്ചും സമയ നിഷ്ഠത പാലിക്കാനാണ് പലപ്പോഴും നിര്‍ത്താതെ പോവേണ്ടി വരുന്നത്. മഞ്ചേരി തുറക്കലില്‍ നിന്ന് അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ അക്രമം നേരിടേണ്ടിവന്നത്. വിദ്യാര്‍ഥികളെ കയറ്റി നീങ്ങിയ ബസിന്റെ മുന്നിലേക്ക് ഒരു വിദ്യാര്‍ഥി എടുത്തു ചാടി. ഡ്രൈവറുടെ ഇടപെടല്‍ മൂലമാണ് അപകടം ഒഴിവായത്. തൊട്ടടുത്ത ദിവസം വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ബസ് ജീവനക്കാരെ മർദിക്കുകയായിരുന്നു.
ഇത്തരം സാഹചര്യത്തില്‍ സർവിസ് നടത്താന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ബസ് തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ഏരിയാ സെക്രട്ടറി സി.ശിവാദാസന്‍, ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് യൂനിറ്റ് ഭാരവാഹികളായ കെ.എം. ശബീര്‍, നിര്‍മ്മല്‍ പാലക്കല്‍, തൊഴിലാളി യൂനിയന്‍ ഭാരവാഹികളായ ദിനേഷ് കുമാര്‍, ശിഹാബ് കണ്ണിയന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.