സ്വകാര്യവനം 50 സെന്റ് വരെ പതിച്ച് നൽകും
text_fieldsതിരുവനന്തപുരം: വ്യക്തികളുടെ കൈവശമുള്ള 50 സെന്റ് വരെ സ്വകാര്യവനം പതിച്ചുനല്കാൻ റവന്യൂ-വനം-നിയമ മന്ത്രിമാർ നടത്തിയ ചർച്ചയിൽ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തിൽ കരട് ബില്ലിന് രൂപം നൽകും.
സ്വകാര്യവനഭൂമിയില് 50 സെന്റ് വരെ കൈവശമുള്ളവര്‍ക്ക് കൈവശരേഖ നൽകുന്ന കാര്യത്തില്‍ മന്ത്രിസഭയിൽ ഏകദേശ ധാരണയായിരുന്നു. ഇക്കാര്യത്തിൽ നിലനിന്ന അവ്യക്തതയാണ് തിങ്കളാഴ്ചത്തെ യോഗം ചർച്ച ചെയ്തത്. സ്വകാര്യവനഭൂമിക്ക് കൈവശരേഖ നൽകുന്നതിനെ വനം വകുപ്പ് തുടക്കം മുതല്‍ എതിര്‍ത്തിരുന്നു.
പിന്നീട് 25 സെന്റ് വരെ കൈവശംവെച്ച ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കൈവശരേഖ നൽകാമെന്ന ധാരണയില്‍ അവര്‍ നിലപാട് മയപ്പെടുത്തി. നിരവധി ചെറുകിട കര്‍ഷകരെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്ത പാലിക്കുംവിധം 50 സെന്റിന് വരെ ഇളവ് നൽകണമെന്നായിരുന്നു റവന്യൂ വകുപ്പിന്റെ നിരന്തര ആവശ്യം.
ഇതും ഒടുവില്‍ വനം, നിയമ വകുപ്പുകള്‍ അംഗീകരിച്ചതോടെ നിയമഭേദഗതിയിലേക്ക് കടക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. കൈവശ ഭൂമിക്ക് കര്‍ഷകര്‍ ഹാജരാക്കുന്ന രേഖ ‘പരിഗണിക്കാവുന്ന തെളിവായി’ സ്വീകരിക്കണമെന്ന റവന്യൂ വകുപ്പിന്റെ ആവശ്യം മറ്റു വകുപ്പുകൾ അംഗീകരിച്ചു. തെളിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൈവശരേഖ തര്‍ക്കമറ്റ തെളിവായി സ്വീകരിക്കാനായില്ലെങ്കില്‍ പരിഗണിക്കാവുന്ന തെളിവായെങ്കിലും കണക്കാക്കണമെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച മന്ത്രിസഭ യോഗത്തില്‍ ഈ വിഷയത്തിൽ ധാരണയായില്ല. തുടർന്നാണ് മന്ത്രിമാർ പ്രത്യേകം ചർച്ച നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചത്. നിയമത്തിന്റെ കരട് അടുത്ത മന്ത്രിസഭയോഗം പരിഗണിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.