സ്വകാര്യ ഹജ്ജ് ക്വോട്ട 35,005 ആയി കുറഞ്ഞു
text_fieldsമലപ്പുറം: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ക്വോട്ട 35,005 ആയി കുറഞ്ഞു. 2019 മുതൽ 2023 വരെയുള്ള സ്വകാര്യ ഹജ്ജ് ടൂർ നയപ്രകാരം 45,000 ആയിരുന്നു കേന്ദ്രം ക്വോട്ട നിശ്ചയിച്ചിരുന്നത്. ഹജ്ജ് നയം പുതുക്കിയതോടെയാണ് സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട കുറഞ്ഞത്. നേരത്തേ, സൗദി അറേബ്യ ഇന്ത്യക്ക് അനുവദിക്കുന്ന ക്വോട്ടയുടെ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമായിരുന്നു. പുതിയ നയപ്രകാരം 80 ശതമാനമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വോട്ട. 20 ശതമാനമാണ് ഇനി മുതൽ സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട. 1,75,025 ആണ് ഇന്ത്യക്ക് സൗദി അനുവദിച്ച ക്വോട്ട. ഇതിൽ 1,40,020 സീറ്റുകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 35,005 സീറ്റുകൾ സ്വകാര്യ ഗ്രൂപ്പുകൾക്കുമായാണ് അനുവദിച്ചിരിക്കുന്നത്.
2022ൽ കോവിഡിന്റെ സാഹചര്യത്തിൽ ഇന്ത്യയുടെ ക്വോട്ട സൗദി കുറച്ചതിനാൽ 22,636 പേർക്കായിരുന്നു സ്വകാര്യ ഗ്രൂപ്പുകൾ മുഖേന അവസരം. 2019ൽ 60,000 സീറ്റുകളും 2018ൽ 46,323 സീറ്റുകളും ഇവർക്ക് അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം മൂന്നു വിഭാഗങ്ങളിലായിട്ടായിരുന്നു സ്വകാര്യ ഗ്രൂപ്പുകൾക്ക് സീറ്റ് നൽകിയിരുന്നത്. 12 വർഷത്തിലേറെ പരിചയമുള്ള സ്റ്റാർ വിഭാഗത്തിന് പരമാവധി 120 സീറ്റ്, ഏഴു വർഷവും അതിലേറെയും പരിചയമുള്ളവർക്ക് പരമാവധി 100 സീറ്റ്, രണ്ടു വർഷം പരിചയമുള്ളവർക്ക് കുറഞ്ഞത് 50 സീറ്റ് എന്നിങ്ങനെയായിരുന്നു നേരത്തേ അനുവദിച്ചിരുന്നത്. പുതിയ നിർദേശപ്രകാരം രണ്ടു വിഭാഗങ്ങൾ മാത്രമാണുള്ളത്. കാറ്റഗറി ഒന്നിൽ മൂന്നു വർഷം പ്രവൃത്തി പരിചയവും അഞ്ചുകോടി വാർഷിക വിറ്റുവരവും ഉള്ളവരും കാറ്റഗറി രണ്ടിൽ രണ്ടുവർഷം ഹജ്ജ് അല്ലെങ്കിൽ മൂന്നുതവണ ഉംറ പാക്കേജ് നടത്തിയവരെയുമാണ് പരിഗണിക്കുക.
കാറ്റഗറി ഒന്നിൽ കുറഞ്ഞത് 60 പേർക്കും കാറ്റഗറി രണ്ടിൽ കുറഞ്ഞത് 50 പേർക്കുമാണ് അവസരം ലഭിക്കുക. പരമാവധി 100 പേർക്കാണ് ഒരു ഗ്രൂപ് മുഖേന പോകാൻ സാധിക്കുക. കാറ്റഗറി ഒന്നിൽ 30 ലക്ഷം രൂപയും രണ്ടിൽ 20 ലക്ഷം രൂപയും സെക്യൂരിറ്റി തുകയായി ഹജ്ജ് കമ്മിറ്റിക്ക് നൽകണം. കൂടാതെ, ഓരോ തീർഥാടകനുമായി കരാർ തയാറാക്കണമെന്നും ഇവരുടെ ഇൻഷുറൻസ്, താമസം, വിമാനയാത്ര, ഭക്ഷണം, മറ്റു യാത്രസൗകര്യം, യാത്ര കാലാവധി ഇവയെല്ലാം കൃത്യമായി തീർഥാടകരെ അറിയിക്കണമെന്നും നയത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.