പനിയുടെ മറവിൽ സ്വകാര്യ ആശുപത്രികളുടെ കൊള്ള
text_fieldsകോഴിക്കോട്: നാടെങ്ങും പനി പടരുന്നതിനിടെ ചികിത്സയുടെ മറവിൽ സാധാരണക്കാരെ ചൂഷണംചെയ്ത് സ്വകാര്യ ആശുപത്രികൾ. പകര്‍ച്ചപ്പനി ബാധിച്ചെത്തുന്നവരോട് പരിശോധനയുടെ പേരില്‍ വന്‍ തുക ഈടാക്കുന്നതായാണ് പരാതി. ജില്ലയിൽ മെഡിക്കൽ കോളജിലും മറ്റു സര്‍ക്കാർ, സ്വകാര്യ ആശുപത്രികളിലുമായി ഓരോ ദിവസവും പനി ബാധിച്ച് രണ്ടായിരത്തോളം പേർ എത്തുന്നുണ്ട്.
മെഡിക്കൽ കോളജിലും സർക്കാർ ആശുപത്രികളിലും രോഗികളുടെ എണ്ണം കൂടിയത് സ്ഥലപരിമിതിക്കിടയാക്കുന്നതിനാൽ ഏറെപ്പേരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. മെഡിക്കൽ കോളജിലെ അനിയന്ത്രിതമായ തിരക്കിൽ വേണ്ടത്ര പരിചരണം കിട്ടില്ലെന്ന ആശങ്കയും രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അടുപ്പിക്കുന്നു. പനിയെക്കുറിച്ചുള്ള സാധാരണക്കാരുടെ ആശങ്കയാണ് സ്വകാര്യ ആശുപത്രികൾ മുതലെടുക്കുന്നത്.
ചെറിയ പനി ബാധിച്ചെത്തുന്നവരെപ്പോലും പലവിധ ടെസ്റ്റുകൾക്ക് വിധേയരാക്കുന്ന സാഹചര്യമാണ് സ്വകാര്യ ആശുപത്രികളിലുള്ളത്. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയെക്കുറിച്ചുള്ള ഭീതിമൂലം പലരും ടെസ്റ്റിന് നിർബന്ധിതരാവുകയാണ്. ചില ആശുപത്രികളിൽ പനി ബാധിച്ചെത്തുമ്പോൾ മറ്റു പരിശോധനക്ക് മുമ്പുതന്നെ െഡങ്കിപ്പനിയുടെ ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാൽ, ലാബ് പരിശോധനകള്‍ ഒരിക്കലും രോഗനിര്‍ണയത്തിലെ അവസാന വാക്കല്ല.
ശാരീരികപരിശോധന നടത്തിയ ഡോക്ടര്‍ക്ക് അതില്‍ ലഭിക്കുന്ന അനുമാനങ്ങള്‍ ഉറപ്പിക്കാനുള്ള സഹായി മാത്രമാണ്. അതുകൊണ്ട് ചെറിയൊരു പനി വന്നാലുടൻ ടെസ്റ്റുകൾ നടത്തേണ്ടതില്ലെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. സർക്കാർ ആശുപത്രികളിൽ കുറഞ്ഞ ചെലവിൽ നടത്തുന്ന പരിശോധനകൾക്ക് സ്വകാര്യ ആശുപത്രികളിൽ പലവിധത്തിലുള്ള ഫീസാണ് ഈടാക്കുന്നതെന്നും ആരോപണമുണ്ട്. ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റുകളിലൊന്നായ എൻ.എസ് വൺ ആൻറിജന് വിവിധ ആശുപത്രികളിൽ വ്യത്യസ്തമായ ചാർജാണ് ഈടാക്കുന്നത്. ഛർദി, വയറുവേദന, രക്തസ്രാവം, വിട്ടുമാറാത്ത പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഡെങ്കിപ്പനിയുടെ പരിശോധന നടത്തേണ്ടതുള്ളൂ.
രക്തത്തിലെ പ്ലേറ്റ്ലെറ്റിെൻറ അളവ് 50,000ത്തിൽ കുറവുവന്നാൽ മാത്രമേ അപകടഘട്ടമെന്ന് കരുതാനാവുകയുള്ളൂ. പനി ബാധിച്ചെത്തുന്നവരിൽ ഏറെപ്പേർക്കും ജലദോഷമേ ഉണ്ടാവാറുള്ളൂ എന്നും കുറഞ്ഞ ശതമാനംമാത്രമാണ് ഡെങ്കി പോലുള്ള സങ്കീർണ അവസ്ഥയിലേക്കെത്തുന്നതെന്നും മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രം അഡീഷനൽ സൂപ്രണ്ട് ഡോ. മോഹൻദാസ് നായർ പറയുന്നു. എന്നാൽ, രോഗികളുടെ അറിവില്ലായ്മയും ആശങ്കയും ചൂഷണംചെയ്ത് ആശുപത്രികൾ കിടത്തിച്ചികിത്സക്ക് വിധേയരാക്കുകയാണ്. മെഡിക്കൽ കോളജും സർക്കാർ ആശുപത്രികളും അഡ്മിറ്റ് ചെയ്യാതെ പറഞ്ഞുവിട്ടാൽ പോലും പലരും തൃപ്തരാവാതെ സ്വകാര്യ ആശുപത്രികെള സമീപിക്കുകയാണ്. ഇതിൽ ചിലർ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയാൽ വല്ല ആനുകൂല്യവും ലഭിക്കുമോ എന്ന പ്രതീക്ഷയോടെ എത്തുന്നവരാണെന്നും ഡോക്ടർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.