സ്വകാര്യ ഐ.ടി പാർക്ക് വികസനം; ഐ.ടി നയം വരുന്നു
text_fieldsകോട്ടയം: സ്വകാര്യ ഐ.ടി പാർക്കുകളെക്കൂടി സംസ്ഥാന വികസനത്തിന്റെ ഭാഗമാക്കുന്ന ഐ.ടി നയം തയാറാക്കുന്ന നടപടികളുമായി സർക്കാർ. ഐ.ടി മേഖലയിലെ വിഭവശേഷിയും ഉൽപാദനവും വർധിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ. കൂടുതൽ തൊഴിലവസരങ്ങളുൾപ്പെടെ വിവര സാങ്കേതിക മേഖലയിൽ കുതിപ്പ് ലക്ഷ്യംകണ്ടുള്ള 2017ലെ ഐ.ടി നയത്തിൽ മാറ്റംവരുത്തിയാണ് പുതിയതിന് രൂപംനൽകുന്നത്.
സംസ്ഥാനത്ത് ഐ.ടി ഹാർഡ്വെയർ ഉൽപാദനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം വൻ വർധനവുണ്ടായതായാണ് കണക്കുകൾ. 2023-’24 സാമ്പത്തികവർഷം ഐ.ടി ഹാർഡ്വെയർ ഉൽപാദനത്തിൽ മുൻവർഷത്തേക്കാൾ 30 ഇരട്ടിയോളം വർധനയുണ്ടായി. അടുത്ത സാമ്പത്തികവർഷം വലിയ മുന്നേറ്റം ഐ.ടി മേഖലയിലുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. സോഫ്ട്വെയർ ഉൽപാദനത്തിന് ആനുപാതികമായി ഹാർഡ്വെയറിൽ കാര്യമായ മുന്നേറ്റം നടത്താൻ സംസ്ഥാനത്തിന് മുൻവർഷങ്ങളിൽ കഴിഞ്ഞിരുന്നില്ല. അതിൽ മാറ്റംവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ ഐ.ടി പാർക്കുകളെക്കൂടി ഉൾപ്പെടുത്തിയുള്ള പുതിയ നീക്കം സർക്കാർ ഉദ്ദേശിക്കുന്നത്.
സ്വകാര്യ ഐ.ടി മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ചില പുതിയ പദ്ധതികളും കേരളം ആസൂത്രണം ചെയ്യുന്നുണ്ട്. ഐ.ടി സ്ഥാപനങ്ങളിലെ ജീവനക്കാർ നേരിടുന്ന പ്രധാന പ്രശ്നമായ ജോലിഭാരത്തിന് പരിഹാരം കാണാനുള്ള സഹായവും സർക്കാർ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് വിവരം.
നിലവിൽ ഐ.ടി പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികളും പാർക്കുകളുമായുണ്ടാക്കിയിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിൽതന്നെ ജീവനക്കാർക്ക് നിയമവ്യവസ്ഥകൾക്കടിസ്ഥാനമായ നടപടി സ്വീകരിക്കാൻ വ്യവസ്ഥയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.