ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ ഹൈകോടതിയിൽ
text_fieldsകൊച്ചി: കോവിഡ് -19 ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ ഹൈകോടതിയിൽ. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ലാബുകളുടെ ആവശ്യം.
അല്ലാത്തപക്ഷം സബ്സഡി നൽകണം. സർക്കാർ ഉത്തരവ് ഐ.സി.എം.ആർ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
നേരത്തെ 1700 രൂപയായിരുന്നു ലാബുകൾ ഈടാക്കിയിരുന്നത്. ഈ നിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണെന്ന പരാതി വ്യാപകമായിരുന്നു. സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വൻ വില ഈടാക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് നിരക്ക് കുറച്ചത്.
ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം പരിഗണിച്ചാണ് പരിശോധന നിരക്ക് കുറച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.
എന്നാൽ, 500 രൂപയാക്കിയ സർക്കാർ തീരുമാനം ഒരുവിഭാഗം ലാബുകൾ തുടക്കം മുതലേ അംഗീകരിച്ചിരുന്നില്ല. ആർ.ടി.പി.സി.ആർ നടത്താനാവില്ലെന്ന് കാണിച്ച് പലയിടത്തും പരിശോധന നിർത്തിവെച്ചു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം രൂക്ഷമായി പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.