മാനേജ്മെന്റ് കണ്ണടച്ചു, സർക്കാർ കൈയയച്ചു; കെ.എസ്.ആർ.ടി.സി റൂട്ടുകളിലേക്ക് സ്വകാര്യ ദീർഘദൂര ബസുകൾ
text_fieldsതിരുവനന്തപുരം: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറികൾക്ക് പെർമിറ്റ് പുതുക്കാനുള്ള സർക്കാർ തീരുമാനത്തോടെ കെ.എസ്.ആർ.ടി.സി റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ കടന്നുകയറ്റം. മുൻകൂർ സീറ്റ് ബുക്കിങ് സൗകര്യങ്ങളോടെയാണ് സ്വകാര്യ ബസുകാർ ദീർഘദൂര സർവിസുകൾ പ്രഖ്യാപിക്കുന്നത്. ഫലത്തിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിലുണ്ടാകുന്നത് വലിയ നഷ്ടം. കോടതി വിധി മൂലം കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് നടത്താൻ അനുവാദമുള്ള റൂട്ടുകളിൽ യാത്രാക്ലേശം ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പാണ് സ്വകാര്യ ബസുകൾക്ക് ഓടാൻ അനുവാദം നൽകിയത്.
140 കിലോമീറ്ററിന് മുകളിൽ ദൂരത്തിലുള്ള സ്വകാര്യ ദീർഘദൂര പെർമിറ്റുകൾ നീട്ടിനൽകാനാണ് സർക്കാർ തീരുമാനം. ഇതോടെ മധ്യകേരളത്തിലെയടക്കം സുപ്രധാന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിക്കൊപ്പം സ്വകാര്യ ഫാസ്റ്റ് പാസഞ്ചറുകളുമെത്തും. ദീർഘദൂര പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രം നിജപ്പെടുത്തിയുള്ള സർക്കാർ തീരുമാനത്തിനെതിരെ നേരേത്ത സ്വകാര്യ ബസുടമകൾ കോടതിയെ സമീപിച്ചെങ്കിലും വിധി പ്രതികൂലമായിരുന്നു. പെർമിറ്റ് കാലാവധി കഴിഞ്ഞ് സ്വകാര്യ ബസുകൾ പിന്മാറണമെന്നും ഈ ഒഴിവിലേക്ക് കെ.എസ്.ആർ.ടി.സി ബസ് വിന്യസിക്കണമെന്നുമായിരുന്നു തീരുമാനം.
കോടതി ഉത്തരവിലൂടെ ദീർഘദൂര സ്വകാര്യ ബസുകൾ പിൻവാങ്ങിയ പാതകളിൽ പകരം ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയാത്തത് വിനയായി. ഇക്കാര്യം അടിവരയിട്ടാണ് യാത്രാക്ലേശം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുകൾ സർക്കാറിനെ സമീപിച്ചത്. അടുത്തിടെ പുതുതായി വാങ്ങിയ 116 ബസുകൾ സ്വിഫ്റ്റിന് കൈമാറിയെങ്കിലും കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചിരുന്ന പാതകളിലാണ് ഇവ വിന്യസിച്ചത്. സ്വകാര്യ ബസുകൾ പിന്മാറിയ റൂട്ടുകളിലേക്ക് പുതിയ ബസുകൾ ഉപയോഗിച്ചിരുന്നെങ്കിൽ കോർപറേഷന് മുതൽക്കൂട്ടാകുമായിരുന്നു. സർക്കാറും സ്വകാര്യ ബസുടമകളും തമ്മിലെ ഒത്തുകളി അടിവരയിടുന്നതാണ് പുതിയ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.