കടിഞ്ഞാണില്ലാതെ സ്വകാര്യ പ്രാക്ടീസ്: സർക്കാർ ആശുപത്രികൾക്ക് സമീപം ‘സമാന്തര ആശുപത്രികൾ’
text_fieldsതിരുവനന്തപുരം: ആരോഗ്യവകുപ്പ് കണ്ണടച്ചതോടെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിങ് സകല പരിധികളും മറികടന്ന് സർക്കാർ ആശുപത്രികൾക്കൊപ്പം ’സമാന്തര ആശുപത്രികളായി’ മാറുന്നു. താലൂക്ക്-ജില്ല ആശുപത്രികൾക്ക് സമീപത്തെ മെഡിക്കൽ സ്റ്റോറുകളാണ് ഡോക്ടർമാരുടെ സ്വകാര്യ ചികിത്സക്ക് സൗകര്യമൊരുക്കുന്നത്. ഇവർ കെട്ടിടങ്ങൾ വാടകക്കെടുത്ത് കൺസൾട്ടിങ് റൂമുകളൊരുക്കും. ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റ് എടുക്കുന്നതിന് ഫോൺ നമ്പർ അടക്കം ബുക്കിങ് സൗകര്യമൊരുക്കിയാണ് സമാന്തര കേന്ദ്രങ്ങളുടെ പ്രവർത്തനം. ബുക്കിങ് മുൻഗണന അനുസരിച്ച് ടോക്കൺ വരെ നൽകുന്നുണ്ട്. ഒരുപടികൂടി കടന്ന് ഓരോ സ്പെഷാലിറ്റികളിലെയും ഡോക്ടർമാരുടെ ചികിത്സ ദിനവും സമയവും ബുക്കിങ് ക്രമവുമടക്കം നോട്ടീസടിച്ച് പരസ്യം ചെയ്യുന്ന മെഡിക്കൽ സ്റ്റോറുകളുമുണ്ടെന്നതാണ് കൗതുകം. ഡോക്ടർമാരുടെ പേരിന് പകരം സ്പെഷാലിറ്റിയും ബിരുദവുമാകും നോട്ടീസിലുണ്ടാവുക.
ഹെല്‍ത്ത് സര്‍വിസിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമാണെങ്കിലും സ്വന്തം വീട്ടില്‍ പ്രാക്ടീസ് നടത്തുന്നതിനാണ് ഈ അനുമതി. ആശുപത്രിക്ക് സമീപമോ മറ്റിടങ്ങളിലോ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ചട്ടലംഘനമാണ്. ആശുപത്രിയിൽ നേരിട്ടെത്തിയാൽ വേണ്ട പരിഗണന കിട്ടില്ലെന്നതിനാൽ സാധാരണക്കാരായ രോഗികൾ ഡോക്ടറെ ‘മുറിയിൽ ചെന്ന് കാണാൻ’ നിർബന്ധിതരാവുകയാണ്. സർക്കാർ ആശുപത്രികളിലെ ഒ.പികളിൽ ചികിത്സക്കെത്തേണ്ടവരെയാണ് ഇത്തരം സമാന്തര കേന്ദ്രങ്ങൾ കാൻവാസ് ചെയ്യുന്നത്. 200-250 രൂപയാണ് അഞ്ച് മിനിറ്റ് നീളുന്ന കൺസൾട്ടേഷനുള്ള ഫീസ്. നിരക്ക് മുൻകൂട്ടി മെഡിക്കൽ സ്റ്റോറുകാർ പറയുമെങ്കിലും ഡോക്ടർക്കാണ് നൽകേണ്ടത്. ഈ തുകയുടെ നിശ്ചിത ശതമാനവും മെഡിക്കൽ സ്റ്റോറിനാണ്. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ ഈ മെഡിക്കൽ സ്റ്റോറിലേ ഉണ്ടാകൂ. പുറത്ത് മരുന്ന് ലഭ്യമാണെങ്കിലും അവിടെ നിന്ന് വാങ്ങാൻ പാടില്ലെന്നതാണ് അലിഖിത നിയമം.
നഴ്സുമാരുണ്ട്; കുത്തിവെപ്പുണ്ട്, പ്ലാസ്റ്ററിടലും
രാവിലെ മുതൽ തന്നെ സമാന്തര കേന്ദ്രങ്ങൾ പ്രവർത്തിച്ച് തുടങ്ങുമെങ്കിലും വൈകുന്നേരങ്ങളിലാണ് കൺസൾട്ടേഷൻ സജീവമാകുക. സർക്കാർ ആശുപത്രികളിലെ ഒ.പികൾക്ക് സമാനമായി നീണ്ട നിരയാണ് ഇവിടങ്ങളിലുണ്ടാവുക. ഗൈനക്കോളജിയിലടക്കം തുടർ ചികിത്സയും സ്കാനിങ്ങുമടക്കം സർക്കാർ ആശുപത്രികളിൽ ലഭ്യമാണെങ്കിലും മുറിയിലെത്തി കണ്ടില്ലെങ്കിൽ മതിയായ പരിഗണന കിട്ടില്ലെന്ന സ്ഥിതിയാണ് പലയിടത്തും. ഇനി മുറിയിലെത്തിയാൽ സ്ക്കാനിങ്ങിലടക്കം മുൻഗണന നൽകി തീയതി നിശ്ചയിച്ച് നൽകും. ഓർത്തോ വിഭാഗത്തിലാണെങ്കിൽ നഴ്സുമാരടക്കം സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുണ്ട്. ഒപ്പം പ്ലാസ്റ്ററിടലും മറ്റും അത്യാവശ്യ സൗകര്യങ്ങളും. ഇതിനുപുറമേ പുറത്തെ ലാബുകളും സ്കാനിങ്-എക്സ്റെ സെന്ററുകളുമായുള്ള ധാരണയിലാണ് സമാന്തര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.