മാഷ് ഹാജരില്ല, ട്യൂഷൻ സെന്ററിലാണ്...!
text_fieldsകോഴിക്കോട്: സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ‘ അനധികൃത ട്യൂഷൻ’തുടരുന്നു. സംസ്ഥാനത്തെ സ്വകാര്യ ട്യൂഷൻ സെന്ററുകളിലാണ് സർക്കാർ, എയ്ഡഡ് അധ്യാപകരുടെ നിയമവിരുദ്ധ ട്യൂഷൻ തുടരുന്നത്.
എട്ടു മുതൽ പ്ലസ് ടു വരെ ക്ലാസുകളിലും എൻട്രൻസ്, പി.എസ്.സി കോച്ചിങ് സെന്ററുകളിലും സർക്കാർ അധ്യാപകർ വ്യാപകമായി ക്ലാസെടുക്കുന്നുണ്ട്. പി.എസ്.സി വഴി ഉന്നത ജോലി നേടിയവരും പരിശീലനം നൽകുന്നു. കണക്കിനും ശാസ്ത്രവിഷയങ്ങൾക്കുമാണ് ട്യൂഷൻ സെന്ററുകൾ സർക്കാർ, എയ്ഡഡ് അധ്യാപകരെ ആശ്രയിക്കുന്നത്. സ്കൂളിന് സമീപമുള്ള ട്യൂഷൻ സെന്ററുകളിലാണ് ഇവർക്ക് ‘ഡ്യൂട്ടി’. ലീവെടുത്ത് വിദൂരസ്ഥലങ്ങളിൽ ക്ലാസെടുക്കുന്നവരുമുണ്ട്. സ്വന്തം സ്കൂളിലെ കുട്ടികളെ ട്യൂഷനായി വലവീശുന്നതും ഈ അധ്യാപകരിലൂടെയാണ്.
ആയിരങ്ങളാണ് പ്രതിഫലം. രക്ഷിതാക്കളിലും കുട്ടികളിലും ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ച് കുട്ടികളെ ട്യൂഷൻ സെന്ററിലേക്ക് നയിക്കുന്ന രീതിയും ഉണ്ട്. 10,000 മുതൽ 20,000 രൂപ വരെയാണ് ഹൈസ്കൂൾ മുതൽ പ്ലസ് ടു വരെ വിവിധ ഇടങ്ങളിലെ വാർഷിക ട്യൂഷൻ ഫീസ്. ഓരോ കുട്ടിക്കും അധ്യാപകർക്ക് കമീഷനുണ്ട്. സ്കൂളുകളിലെ അധ്യാപനത്തിൽ ശ്രദ്ധിക്കാതെ ട്യൂഷൻ സെന്ററുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അധ്യാപകരുമുണ്ട്. പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ഇത് തടയാൻ കഴിയാത്ത അവസ്ഥയാണ്.
പരസ്യമായും രഹസ്യമായും ട്യൂഷനെടുക്കുന്നവരുണ്ട്. ചില അധ്യാപകർ കള്ളപ്പേരിലാണ് വരുന്നത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ അധ്യാപകരുമായി പരിചയപ്പെടാനോ സൗഹൃദം സ്ഥാപിക്കാനോ കഴിയില്ല. രക്ഷിതാക്കൾക്കും സംസാരിക്കാൻ അവസരമില്ല. ട്യൂഷൻ സെന്റർ അധികൃതരോട് സംസാരിക്കാം എന്നു മാത്രം.
ചട്ടപ്രകാരം ഇത്തരം ട്യൂഷൻ നിയമവിരുദ്ധമാണ്. വിജിലൻസ് ഇടക്ക് പരിശോധന നടത്താറുണ്ട്. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ കണ്ണടക്കുകയാണ്. സർക്കാർ, എയ്ഡഡ് അധ്യാപകരുടെയും ജീവനക്കാരുടെയും സ്വകാര്യ ട്യൂഷൻ ശ്രദ്ധയിൽപെട്ടാൽ വിജിലന്‍സ് ടോള്‍ഫ്രീ നമ്പറായ 1064 ലോ 8592900900 നമ്പറിലോ വാട്സ്ആപ് നമ്പറായ 9447789100 നമ്പറിലോ അല്ലെങ്കിൽ ഉദ്യോഗസ്ഥരെ നേരിട്ടോ അറിയിക്കാനും സംവിധാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.