സ്വകാര്യ സർവകലാശാല; മുന്നണിയിൽ പച്ചക്കൊടി, മന്ത്രിസഭയിൽ വിയോജിപ്പ്
text_fieldsതിരുവനന്തപുരം: സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട് മുന്നണിയോഗത്തിൽ നിശ്ശബ്ദ നിലപാട് സ്വീകരിച്ച സി.പി.ഐ, മന്ത്രിസഭ യോഗത്തിൽ വിയോജിച്ചതിന് പിന്നിൽ വിഷയത്തിന്റെ ഗൗരവവും ഒപ്പം ബ്രൂവറി-കിഫ്ബി നിലപാടിലേറ്റ പൊള്ളലുകളും. ഇടതുനയത്തിന് വിരുദ്ധമായ തീരുമാനങ്ങൾ ആവർത്തിക്കുന്നതിൽ സി.പി.ഐ അസ്വസ്ഥമാണ്.
ബ്രൂവറി വിഷയത്തിലെ നയപരമായ പ്രത്യാഘാതങ്ങൾ തിരിച്ചറിയാനോ തടയാനോ കഴിയാത്തതിന്റെ പേരിൽ വലിയ തോതിൽ പഴികേൾക്കേണ്ടി വന്നു. കിഫ്ബി റോഡുകളിലെ ചുങ്കപ്പിരിവ് വലിയ പ്രതിഷേധങ്ങൾക്കിടയാക്കുമ്പോഴും എൽ.ഡി.എഫ് യോഗം പരിഗണിച്ചതാണെന്ന മുന്നണി കൺവീനറുടെ സ്ഥിരീകരണത്തോടെ, സി.പി.ഐയും പങ്കാളിയാക്കപ്പെട്ടു.
മാസങ്ങൾക്കുമുമ്പാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന വിഷയം എൽ.ഡി.എഫ് യോഗത്തിന്റെ പരിഗണനക്കെത്തിയത്. അന്ന് ഘടകകക്ഷികളിൽ ആർ.ജെ.ഡി മാത്രമാണ് വിയോജിപ്പുന്നയിച്ചത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ആർ.ജെ.ഡി 20 മിനിറ്റോളം പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയത്. അതേസമയം, സി.പി.ഐയുടെ ഭാഗത്തുനിന്ന് അന്ന് കാര്യമായ എതിർപ്പൊന്നുമുണ്ടായില്ല. യോഗത്തിൽ ഭൂരിപക്ഷ അംഗങ്ങളും എതിർക്കാത്ത സാഹചര്യത്തിൽ സ്വകാര്യ സർവകലാശാലകളുമായി മുന്നോട്ടുപോകാൻ ഇടതുമുന്നണി യോഗം പച്ചക്കൊടി കാട്ടുകയായിരുന്നു.
സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട് മന്ത്രിസഭയോഗത്തിൽ സി.പി.ഐ ഉന്നയിച്ച അതേ ആശങ്ക മറ്റൊരുവിധത്തിൽ പാർട്ടി കോൺഗ്രസിന് മുന്നോടിയായി സി.പി.എം നേതൃത്വം ദിവസങ്ങൾക്കുമുമ്പ് പ്രസിദ്ധീകരിച്ച കരട് രാഷ്ട്രീയപ്രമേയവും അടിവരയിടുന്നു. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണം പൊതുസ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്നാണ് കരട് നയം പങ്കുവെക്കുന്ന ആശങ്ക.
കരട് പ്രമേയത്തിൽ പറയുന്നത്
‘സ്വകാര്യവത്കരണ നീക്കം സർക്കാർ സ്കൂളുകളിൽനിന്ന് സ്വകാര്യ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളുടെ പലായനത്തിന് കാരണമാകുന്നു. ഇതേ തത്ത്വം ബിരുദ സ്ഥാപനങ്ങളിലും പ്രയോഗിച്ചതിലൂടെ കോളജുകളിൽ നിന്നുള്ള കൊഴിഞ്ഞുപോകൽ നിരക്കിന്റെ വർധനക്ക് കാരണമായി. സാമൂഹിക മേഖലക്കുള്ള വിഹിതവും ചെലവും കുറക്കാനുള്ള സർക്കാറിന്റെ നീക്കമാണ് ഈ പ്രതികൂല സാഹചര്യത്തിനുള്ള ഒരു പ്രധാന ഘടകം’’. വിദേശ സർവകലാശാലകളെ ഇന്ത്യയിൽ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2023 ജനുവരി ഏഴിന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തനാനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കം ഒരുകൂട്ടം ഉപരിവർഗ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സൃഷ്ടിച്ച്, രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കുമെന്നും വ്യക്തമാക്കുന്നുണ്ട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.