സംവരണം പലതരം; സ്വകാര്യ സർവകലാശാലകൾക്ക് ഏത് ബാധകം?
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സംവരണം ഏകീകരിക്കാത്തത് സ്വകാര്യ സർവകലാശാലയിൽ സംവരണം നടപ്പാക്കുന്നതിന് വെല്ലുവിളി. വിവിധതരം സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കും വ്യത്യസ്ത സംവരണ മാനദണ്ഡമാണുള്ളത്. സ്വകാര്യ സർവകലാശാലകളിൽ ഏത് രീതിയിലുള്ള സംവരണമായിരിക്കും നടപ്പാക്കുക എന്നത് സംബന്ധിച്ച് വിശദീകരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനും കഴിയുന്നില്ല. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രവേശന സംവരണ രീതിയല്ല എയ്ഡഡ്, സ്വാശ്രയ കോളജുകളിലേത്.
മൊത്തം സംവരണ സീറ്റുകളുടെ ശതമാനത്തിലും വിഭാഗം തിരിച്ച വിഹിതത്തിലും വ്യത്യാസമുണ്ട്. ഈ രീതിയിൽനിന്ന് വ്യത്യസ്തമായ സംവരണമാണ് മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ പ്രഫഷനൽ യു.ജി, പി.ജി കോഴ്സുകളിൽ. മെഡിക്കൽ അനുബന്ധ പി.ജി കോഴ്സുകൾക്കാകട്ടെ, യു.ജി കോഴ്സുകളിൽനിന്ന് വ്യത്യസ്തവും. മെഡിക്കൽ, എൻജിനീയറിങ്, നിയമം, സയൻസ്, കോമേഴ്സ്, മാനവികം ഉൾപ്പെടെ വ്യത്യസ്ത കോഴ്സുകൾ നടത്താവുന്ന മൾട്ടി ഡിസിപ്ലിനറി സർവകലാശാലയായാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുക. പലതരം സംവരണരീതി തുടരുന്ന കോഴ്സുകൾ ഒരു സർവകലാശാലക്ക് കീഴിൽ വരുമ്പോൾ ഏത് രീതി നടപ്പാക്കുമെന്നതിൽ വ്യക്തത വേണ്ടിവരും.
നേരത്തെ ബിൽ തയാറാക്കിയപ്പോൾ എസ്.സി വിഭാഗത്തിന് 15ഉം എസ്.ടി വിഭാഗത്തിന് അഞ്ചും ശതമാനം സംവരണത്തിനായിരുന്നു വ്യവസ്ഥ. മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മൊത്തം സീറ്റുകളിൽ 40 ശതമാനം കേരളത്തിലെ കുട്ടികൾക്ക് നീക്കിവെക്കാനും അതിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ രീതി നടപ്പാക്കാനും വ്യവസ്ഥ വെച്ചത്.
നിലവിൽ വരുന്നത് സ്വകാര്യ സർവകലാശാലയായതിനാൽ അവ്യക്തതയുടെ പഴുത് മാനേജ്മെന്റുകൾ ആയുധമാക്കും. മെഡിക്കൽ, എൻജിനീയറിങ് യു.ജി കോഴ്സുകളിൽ എസ്.ഇ.ബി.സി സംവരണം 30 ശതമാനവും മെഡിക്കൽ പി.ജി കോഴ്സുകളിൽ ഇത് 27 ശതമാനവുമാണ്. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ എസ്.ഇ.ബി.സി സംവരണം 20 ശതമാനവും. എയ്ഡഡ് കോളജുകളിൽ എസ്.സി, എസ്.ടി സംവരണം മാത്രമാണുള്ളത്.
സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സർക്കാർ, മാനേജ്മെന്റ് സീറ്റ് വിഹിതം 50:50 അനുപാതത്തിലാണ്. ഇതിൽ സർക്കാർ സീറ്റിന്‍റെ 25 ശതമാനമാണ് എസ്.ഇ.ബി.സി സംവരണം. എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്സുകൾക്കും ഇതുതന്നെ ബാധകം. ചില കോഴ്സുകളിൽ സാമ്പത്തിക പിന്നാക്ക (ഇ.ഡബ്ല്യു.എസ്) സംവരണം 10 ശതമാനമെങ്കിൽ ചില കോഴ്സുകളിൽ 10 ശതമാനം അധിക സീറ്റ് സൃഷ്ടിച്ചാണ് ഈ സംവരണം.
സ്വാശ്രയാടിസ്ഥാനത്തിൽ വ്യത്യസ്ത കോഴ്സുകളുമായി തുടങ്ങുന്ന സ്വകാര്യ സർവകലാശാലക്ക് നിലവിലുള്ള സംവരണരീതി അനുസരിച്ച് ഏകീകൃത സംവരണ പാറ്റേൺ പിന്തുടരാൻ കഴിയില്ല. സംവരണം ഏകീകൃത പാറ്റേണിലേക്ക് കൊണ്ടുവരണമെന്ന പിന്നാക്ക സംഘടനകളുടെ ആവശ്യത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും സർക്കാർ മുഖംതിരിച്ചുനിൽക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.