സ്വകാര്യ സർവകലാശാല ബിൽ; നേരിട്ട് അവതരിപ്പിക്കുന്നതിൽ തടസ്സമുന്നയിച്ച് നിയമവകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബില്ല് നേരിട്ട് നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ തടസ്സമുന്നയിച്ച് നിയമവകുപ്പ്.
സർക്കാറിന് പുതിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാൽ ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി തേടണമെന്നാണ് വകുപ്പിന്റെ നിലപാട്. സ്വകാര്യ സർവകലാശാലക്കായി ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനായ ആറംഗ സമിതിക്ക് ബില്ലിൽ വ്യവസ്ഥയുണ്ട്.
ഈ സമിതിയുടെ പ്രവർത്തനങ്ങൾക്ക് പണം ആവശ്യമാണെന്നും ഇത് പുതിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നുമാണ് നിയമവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം മണി ബില്ലുകൾ ഗവർണറുടെ മുൻകൂർ അനുമതിക്ക് ശേഷമാണ് സഭയിൽ അവതരിപ്പിക്കേണ്ടത്.
നേരത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി പകരം വിദ്യാഭ്യാസ വിചക്ഷണരെ നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമഭേദഗതി ബില്ല് സഭ പാസാക്കിയിരുന്നു. വിദ്യാഭ്യാസ വിചക്ഷണരെ ചാൻസലർമാരായി നിയമിക്കുന്നതും അവർക്ക് ഓഫിസ് ഒരുക്കുന്നതും സാമ്പത്തിക ബാധ്യതയാണെന്നും മുൻകൂർ അനുമതി വാങ്ങാതെയാണ് ബില്ല് പാസാക്കിയതെന്നും ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ബില്ല് ഗവർണർ രാഷ്ട്രപതിക്ക് സമർപ്പിച്ചത്.
എന്നാൽ, സ്വകാര്യ സർവകലാശാലകളുടെ അപേക്ഷ പരിശോധിക്കാൻ നിയോഗിക്കുന്ന സമിതിയിലുള്ളവർ നിലവിൽ സർക്കാർ പദവികളിലുള്ളവരാണെന്നും ഔദ്യോഗിക പദവിയുടെ ഭാഗമായി വരുന്ന ചുമതലയാണ് സമിതി അംഗത്വമെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വാദം.
ഇക്കാര്യത്തിൽ വ്യക്തത വരുത്തി ബില്ല് ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന നിയമസഭ സമ്മേളനത്തിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. സ്വകാര്യ സർവകലാശാലകൾക്കായി തയാറാക്കിയ കരട് ബില്ല് വ്യവസ്ഥകൾ കഴിഞ്ഞ നാലിന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
സംവരണം ഉൾപ്പെടെ സാമൂഹിക നിയന്ത്രണം ഉറപ്പാക്കുന്ന രീതിയിലാണ് കരട് ബില്ല് തയാറാക്കിയത്. എന്നാൽ, ഫീസ് നിർണയാധികാരം സ്വകാര്യ സർവകലാശാലകൾക്ക് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.