കുടിവെള്ള സ്വകാര്യ വത്ക്കരണം: ഇടത് യൂണിയനുകളുടെ ആവശ്യം തള്ളി മുഖ്യമന്ത്രി
text_fieldsകോഴിക്കോട് : കുടിവെള്ള സ്വകാര്യ വത്ക്കണം ഉപേക്ഷിക്കണമെന്ന ഇടത് യൂണിയനുകളുടെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വാർട്ടർ അതോറിറ്റിയിലെ വിവിധ യൂനിയനുകൾ ഏഷ്യൽ വികസന ബാങ്കിന്റെ (എ.ഡി,ബി) വായ്പ വാങ്ങി തിരുവനന്തപുരം, കൊച്ചി നഗരസഭകളിലെ കുടിവെള്ളമേഖല സ്വകാര്യ വൽക്കരിക്കുന്നതിനെതിരെ നേരത്തെ രംഗത്തിറങ്ങിയിരുന്നു.
കൊച്ചിയിൽ നടന്ന സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് സി.ഐ.ടിയു നേതാവ് എളമരം കരീം ആയിരുന്നു. സി.പി.എമ്മിന്റെയും സംസ്ഥാന സർക്കാരിന്റെ തീരുമാനം മറച്ചുവെച്ച് ഏതാനും ഉദ്യോഗസ്ഥർ നടത്തുന്ന ഗൂഢ നീക്കം ആണ് കുടിവെള്ള സ്വകാര്യ വൽക്കരണമെന്നാണ് കരീം പ്രസംഗിച്ചത്. ഇടതു സർക്കാരിന്റെ നയം ഇതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൊഴിലാളികൾ കരീമിന്റെ വാക്കുകൾ വിശ്വസിച്ചാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ജലവകുപ്പ് മന്ത്രി മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതി എന്ന നിലയിലാണ് സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയുമടക്കമുള്ള യൂനിയനുകൾ ജല അതോറിറ്റിയിലെ എഡി.ബി പദ്ധതിയെ കണ്ടത്. മന്ത്രിസഭയിൽ വേണ്ട രീതിയിൽ വിഷയം ചർച്ചചെയ്തിട്ടില്ലെന്ന ആരോപണമായിരുന്നു അവർ ആദ്യം ഉന്നയിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ഇടത് യൂനിയൻ നേതാക്കളോട് എ.ഡി.ബി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ജല അതോറിറ്റി ജീവനക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള സർവീസ് സംബന്ധമായ പ്രശ്നമുണ്ടെങ്കിൽ അത് ചർച്ചചെയ്ത് പരിഹരിക്കാമെന്നും പദ്ധതിയുമായി മുന്നോട്ടുപോകാതെ പറ്റില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
ജല അതോറിറ്റിയുടെ സ്വകാര്യവത്കരണത്തിനെതിരേ എന്ന ആശയത്തിൽ ഊന്നിയായിരുന്നു സംയുക്ത തൊഴിലാളി യൂനിയൻ രൂപീകരിച്ച് സമരപരിപാടികളുമായി മുന്നോട്ടുപോയിരുന്നത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്കു ശേഷം ഇടത് യൂനിയനുകളിൽ ആശയക്കുഴപ്പം ഉണ്ടായി. എ.ഐ.ടി.യൂസി. യൂനിയൻ വൈകാതെ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സമരരംഗത്തുണ്ടാവുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, കുറച്ചുനാളത്തെ മൗനത്തിനു ശേഷം സി.ഐ.ടി.യു യൂനിയനും കുടിവെള്ള സ്വകാര്യ വൽക്കണത്തിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
2001-02 കാലത്താണ് എ.ഡി.ബി വായ്പക്കെതിരെ സംസ്ഥാനത്ത് സമരം നടന്നത്. അന്ന് സുകുമാർ അഴിക്കോട് പറഞ്ഞത് എ.ഡി.ബി സായ്പന്മാരെ ചെരിപ്പുകൊണ്ട് അടിക്കണമെന്നായിരുന്നു. എ.ഡി.ബി വായ്പക്കെതിരായ ശക്തമായ നിലപാടാണ് അന്ന് വി.എസ്. അച്യുതാനന്ദനും സ്വീകരിച്ചത്. ഡി.വൈ.എഫ്.ഐ അടക്കമുള്ള ഇടതു യുവനജനസംഘടകളും എ.ഡി.ബിക്കെതിരെ സമരത്തിനിറങ്ങിയിരുന്നു. ഏതാണ്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. എ.ഡി.ബി വായ്പയും കുടിവെള്ള സ്വാകര്യ വൽക്കണവും ഇടതു സ്വീകാര്യമായി.
കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം സൂയസിന് കൈമാറുന്ന നീക്കത്തിനെതിരെ യൂനിയനുകൾ സമരം തുടങ്ങുകയാണ്. എ.ഡി.ബി പദ്ധതിയുടെ മറവിൽ കുടിവെള്ള മേഖലയുടെ സ്വകാര്യവൽക്കരണം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി 22 ന് കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ റാലിയും കുടിവെള്ള സംരക്ഷണ സദസും സംഘടിപ്പിക്കുന്നു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും. എ.ഐ.ടിയു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷറഫ് മുഖ്യപ്രഭാഷണം നടത്തുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.