പ്രിയ വർഗീസിന്‍റെ ഡെപ്യൂട്ടേഷൻ നീട്ടി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ ഡെപ്യൂട്ടേഷൻ നീട്ടി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് ഒരു വർഷത്തേക്ക്കൂടി നീട്ടിയിരിക്കുന്നത്.
കേരള വർമ കോളജിലെ മലയാള വിഭാഗം അസി. പ്രൊഫസറായ പ്രിയ വർഗീസ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെപ്യൂട്ടേഷനിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ കാലാവധി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സർക്കാറിന് കത്ത് നൽകിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് ഇപ്പോൾ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ഡെപ്യൂട്ടേഷൻ കാലാവധി ജൂലൈ ഏഴ് മുതൽ ദീർഘിപ്പിച്ച് നൽകിയിട്ടുള്ള ഉത്തരവ് ഈ മാസം രണ്ടാം തീയതിയാണ് പുറത്തിറങ്ങിയത്.
ദിവസങ്ങൾക്ക് മുമ്പാണ്, യു.ജി.സി ചട്ടപ്രകാരം യോഗ്യതയില്ലാതെ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ ചാൻസലറായ ഗവർണർ വൈസ് ചാൻസലറിൽനിന്ന് അടിയന്തര വിശദീകരണം തേടിയത്. കഴിഞ്ഞ നവംബറിൽ വി.സി ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് ഇൻറർവ്യു നടത്തി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു.
മാറ്റിവെച്ചിരുന്ന റാങ്ക് പട്ടിക സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പാരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനർനിയമനം നൽകിയതെന്ന് ആക്ഷേപവും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.