വിധി പ്രിൻസിപ്പൽ പട്ടികക്കും തിരിച്ചടിയാകും; ഡെപ്യൂട്ടേഷൻ അധ്യാപന പരിചയമാക്കിയാണ് പ്രിൻസിപ്പൽ പട്ടിക തയാറാക്കുന്നത്
text_fieldsതിരുവനന്തപുരം: അധ്യാപനപരിചയം എന്നത് പഠിപ്പിച്ചുള്ള പരിചയമാണെന്ന് പ്രിയ വർഗീസിന്റെ നിയമന കേസിൽ ഹൈകോടതി വ്യക്തമാക്കിയത് കോളജ് പ്രിൻസിപ്പൽ നിയമനത്തിനായി സർക്കാർ തയാറാക്കുന്ന പട്ടികയെയും ബാധിക്കും. അധ്യാപനവുമായി ബന്ധമില്ലാത്ത ഡെപ്യൂട്ടേഷൻ കാലയളവ് അധ്യാപനമായി പരിഗണിക്കാനാകില്ലെന്ന് യു.ജി.സി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽ നിയമനത്തിൽ അധ്യാപകരുടെ ഡെപ്യൂട്ടേഷൻ കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാൻ സർക്കാർ പ്രത്യേകം ഭേദഗതി ഉത്തരവിറക്കിയിരുന്നു.
വിവിധ പദവികളിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച ഇടത്അധ്യാപക സംഘടന നേതാക്കൾക്ക് പ്രിൻസിപ്പൽ പദവിയിലേക്ക് വഴിതുറക്കാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ജൂൺ 21ന് ഭേദഗതി ഉത്തരവിറക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. പ്രിൻസിപ്പൽ നിയമനത്തിൽ യു.ജി.സി െറഗുലേഷൻ പ്രകാരമുള്ള യോഗ്യത നിർബന്ധമാക്കി കഴിഞ്ഞ മേയ് 23നാണ്സർക്കാർ ഉത്തരവിറക്കിയത്. ഇതിൽ അധ്യാപനം, ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ടതല്ലാത്ത ഡെപ്യൂട്ടേഷൻ കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. ഉത്തരവിലെ ഈ ഭാഗം ഒഴിവാക്കിയാണ് ജൂൺ 21ന് ഭേദഗതി ഉത്തരവിറക്കിയത്. ഇത് സംഘടനാനേതാക്കൾക്ക് വേണ്ടിയാണെന്നായിരുന്നു ആരോപണം.
പ്രിയ വർഗീസ് കേസിൽ അധ്യാപനവുമായി ബന്ധപ്പെട്ടതല്ലാത്ത ഡെപ്യൂട്ടേഷൻ കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതിയും യു.ജി.സിയും വ്യക്തമാക്കിയതോടെ പ്രിൻസിപ്പൽ നിയമനത്തിനായി സർക്കാർ തയാറാക്കുന്ന പട്ടികയെയും പ്രതികൂലമായി ബാധിക്കും. ഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത സമയം പരിഗണിച്ച് പ്രിൻസിപ്പൽ പട്ടിക തയാറാക്കിയാൽ കോടതിയിൽ ചോദ്യം ചെയ്യാനാണ് മതിയായ യോഗ്യതയുള്ള അധ്യാപകരുടെ തീരുമാനം. സംസ്ഥാനത്തെ 60 സർക്കാർ ആർട്സ് ആന്ഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ പദവി ഒഴിഞ്ഞുകിടക്കുകയാണ്. യു.ജി.സി െറഗുലേഷൻ പ്രകാരം പ്രിൻസിപ്പൽ നിയമനം നടത്തുന്നതിന് പകരം സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമനം നടത്താനായിരുന്നു സർക്കാർ നീക്കം. ഇത് കോടതി തടഞ്ഞതോടെയാണ് െറഗുലേഷൻ പ്രകാരം നിയമനത്തിന് ശ്രമം തുടങ്ങിയത്. വിധിയുടെ സാഹചര്യത്തിൽ ജൂൺ 21ലെ ഉത്തരവ് പിൻവലിക്കാൻ തയാറാകണമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.