പ്രിയ വർഗീസിന് അസോ. പ്രഫസർ തസ്തികയിലേക്ക് അടിസ്ഥാന യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്ന കോടതി വിധി രാജ്ഭവനിൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാൻ അടിസ്ഥാന യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്ന മുൻകാല കോടതിവിധിയുടെ പകർപ്പ് രാജ്ഭവനിൽ സമർപ്പിച്ചു. സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് സമാന കേസിൽ ഹൈകോടതിയുടെ മൂന്നംഗ ബെഞ്ച് 2014ൽ പുറപ്പെടുവിച്ച വിധി പകർപ്പ് രാജ്ഭവന് കൈമാറിയത്.
തസ്തികയിൽ നിയമനത്തിന് ആവശ്യമായ അടിസ്ഥാന യോഗ്യത നേടിയ ശേഷമുള്ള സർവിസ് മാത്രമേ പരിഗണിക്കാൻ പാടുള്ളൂവെന്ന് വ്യക്തമാക്കി ജസ്റ്റിസുമാരായ ആന്‍റണി ഡൊമിനിക്, കെ. രാമകൃഷ്ണൻ, അനിൽ കെ. നരേന്ദ്രൻ എന്നിവർ പുറപ്പെടുവിച്ച വിധി പ്രസ്താവമാണ് നിയമനത്തിനെതിരെ പുതുതായി പുറത്തുവന്ന രേഖ. അസോസിയേറ്റ് പ്രഫസർ നിയമനത്തിന് പിഎച്ച്.ഡിയും എട്ട് വർഷത്തെ അധ്യാപന പരിചയവും അടിസ്ഥാന യോഗ്യതയാണ്.
പ്രിയാ വർഗീസ് കണ്ണൂർ സർവകലാശാലയിൽനിന്ന് അടിസ്ഥാന യോഗ്യതയായ പിഎച്ച്.ഡി ബിരുദം നേടുന്നത് 2019ലാണ്. ഇതിനു ശേഷമുള്ള അധ്യാപന പരിചയം മാത്രമേ ഹൈകോടതി വിധി പ്രകാരം അസോസിയേറ്റ് പ്രഫസർ തസ്തികയിലെ നിയമനത്തിന് പരിഗണിക്കാനാവൂ എന്നും രാജ്ഭവന് നൽകിയ കത്തിൽ പറയുന്നു. 2019ൽ പിഎച്ച്.ഡി നേടിയ ശേഷം 20 ദിവസം മാത്രമാണ് പ്രിയാ വർഗീസ് തൃശൂർ കേരള വർമ കോളജിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചത്.
2019 ആഗസ്റ്റ് ഏഴ് മുതൽ 2021 ജൂൺ 15 വരെ ഇവർ കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്‍റ്സ് സർവിസസ് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷനിലാണ് ജോലി ചെയ്തത്. 2021 ജൂൺ16ന് തൃശൂർ കേരളവർമ കോളജിൽ പുനഃപ്രവേശിച്ച പ്രിയാ വർഗീസ് 2021 ജൂലൈ ഏഴ് മുതൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്‍റ് ഡയറക്ടറായി വീണ്ടും ഡെപ്യൂട്ടേഷനിൽ പോയി. ഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത രണ്ട് തസ്തികകളും അനധ്യാപക തസ്തികയായതിനാൽ ഈ കാലയളവ് അധ്യാപക പരിചയമായി പരിഗണിക്കാനാകില്ല.
കോടതിവിധി പ്രകാരം പിഎച്ച്.ഡി നേടുന്നതിന് മുമ്പുള്ള കേരളവർമ കോളജിലെ അധ്യാപന പരിചയം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രവൃത്തി പരിചയമായി പരിഗണിക്കാനാകില്ലെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
അങ്ങനെയെങ്കിൽ 20 ദിവസം മാത്രമാണ് പ്രിയാ വർഗീസിന് അടിസ്ഥാന യോഗ്യതയായ പിഎച്ച്.ഡി ബിരുദം നേടിയ ശേഷമുള്ളത്. പ്രിയാ വർഗീസ് ഉൾപ്പെടെ ഇൻറർവ്യൂവിന് ക്ഷണിക്കാൻ തയാറാക്കിയ ചുരുക്കപ്പട്ടികയിലെ ആറിൽ നാലുപേർ ഗവേഷണ ബിരുദം നേടിയ ശേഷം എട്ട് മുതൽ 13 വർഷം വരെ അംഗീകൃത അധ്യാപന പരിചയമുള്ളവരും നിരവധി ഗവേഷണ പ്രബന്ധങ്ങൾ ദേശീയ-അന്തർദേശീയ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.