പ്രിയ വർഗീസ് ബോണ്ട് വ്യവസ്ഥ ലംഘിച്ചെന്ന്; ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കാൻ പരാതി
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ നിയമനത്തിന് ഒന്നാംറാങ്ക് ലഭിച്ച മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് യു.ജി.സിയുടെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (എഫ്.ഡി.പി) മുഖേന പിഎച്ച്.ഡി നേടിയശേഷം ബോണ്ട് വ്യവസ്ഥ ലംഘിച്ചതായി ആക്ഷേപം.
അധ്യാപനരംഗത്ത് ഗവേഷണ മികവ് ആർജിക്കുന്നതിനായി യു.ജി.സി ഏർപ്പെടുത്തിയ പദ്ധതിയാണ് എഫ്.ഡി.പി. ഇക്കാലയളവിൽ അധ്യാപകർക്ക് യു.ജി.സി സ്കെയിൽ ശമ്പളം നൽകും. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് ഗവേഷണ പഠനത്തിന് നിയോഗിക്കുന്നത്. യു.ജി.സി ഒരു അധ്യാപകന് ഗവേഷണത്തിന് മാത്രം 25 ലക്ഷം രൂപയിൽ കൂടുതൽ ഈ പദ്ധതിയിലൂടെ ചെലവഴിക്കുന്നുണ്ട്.
ഗവേഷണം വഴി ആർജിക്കുന്ന വൈജ്ഞാനിക സമ്പത്ത് തുടർന്നുള്ള അധ്യാപനത്തിലൂടെ അതേ സ്ഥാപനത്തിലെ വിദ്യാർഥികൾക്ക് പകർന്നു കൊടുക്കുമെന്ന ഉറപ്പ് മുദ്രപ്പത്രത്തിൽ സമർപ്പിച്ചശേഷമാണ് അവധി അനുവദിച്ചത്. എന്നാൽ, പ്രിയ വർഗീസ് ഈ കരാർ വ്യവസ്ഥ ലംഘിച്ച് കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻസ് സർവിസ് ഡയറക്ടറായും സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായും ഡെപ്യൂട്ടേഷനിൽ നിയമിതയായി.
മാർച്ച് 2012ൽ കേരളവർമ കോളജിൽ അസിസ്റ്റൻറ് പ്രഫസറായി നിയമിതയായ പ്രിയ വർഗീസ് 2015 ജൂലൈമുതൽ 2018 ഫെബ്രുവരിവരെ എഫ്.ഡി.പി മുഖേന ഗവേഷണത്തിന് അവധിയിലായിരുന്നു. ഇക്കാലയളവിൽ പ്രിയ വർഗീസ് വാങ്ങിയ ശമ്പളവും മറ്റാനുകൂല്യങ്ങളും തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി യു.ജി.സിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.