പ്രിയ വർഗീസിന്റെ നിയമനം സ്വജനപക്ഷപാതം തന്നെ; ന്യായീകരണം അസാധുവായി
text_fieldsകണ്ണൂർ: അസോസിയേറ്റ് പ്രഫസറായി പ്രിയ വർഗീസിനെ പരിഗണിക്കാനാവില്ലെന്ന ഹൈകോടതി വിധി, വിഷയത്തിൽ സർക്കാറിന്റെയും കണ്ണൂർ സർവകലാശാലയുടെയും ന്യായീകരണത്തിന് തിരിച്ചടി. നിയമനത്തിൽ തുടക്കം മുതൽ ശക്തമായി ഉയർന്ന സ്വജനപക്ഷപാത ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഹൈകോടതി വിധി.
പ്രിയക്ക് അസോസിയേറ്റ് പ്രഫസറാകാൻ മതിയായ അധ്യാപന പരിചയമില്ലെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയായിരുന്നു. അധ്യാപക പരിചയവും റിസർച് സ്കോറും കുറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയക്ക് കണ്ണൂർ സർവകലാശാല അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയെന്നാരോപിച്ച് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് ആദ്യം പരാതി നൽകിയത്. എന്നാൽ, ആരോപണത്തെ തുടർന്ന് നടപടി തിരുത്തുന്നതിന് പകരം സർക്കാറും സർവകലാശാലയും നിയമനത്തെ സാധൂകരിച്ച് രംഗത്തെത്തി. ഇതിനുപിന്നാലെ പാർട്ടിയും.
മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള കെ.കെ. രാഗേഷിന്റെ സ്വാധീനത്തിൽ ആരോപണങ്ങളെ മറികടക്കാനാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പാർട്ടിയും സർക്കാറും. എന്നാൽ, പ്രിയയെ സംരക്ഷിച്ചുനിർത്തുന്ന കണ്ണൂർ വൈസ് ചാൻസലറുടെ നിലപാടിനെതിരെ ചാൻസലറായ ഗവർണർ തന്നെ നേരിട്ട് രംഗത്തെത്തി.
പ്രിയ അസോ. പ്രഫസർ തസ്തികയിൽ ഒന്നാമതെത്തിയ റാങ്ക് പട്ടിക മരവിപ്പിച്ചതോടെ ഗവർണറും കണ്ണൂർ സർവകലാശാലയും തമ്മിലെ പോര് രൂക്ഷമായി. വൈസ്ചാൻസലറായി പ്രഫ. ഗോപിനാഥ് രവീന്ദ്രന് രണ്ടാം തവണയും അവസരം നൽകിയത് പ്രിയക്ക് നിയമനം നൽകാനാണെന്ന പരോക്ഷ ആരോപണവും ഗവർണർ ഉന്നയിച്ചു. ഇതോടെ പ്രിയയുടെ നിയമനവിവാദം സർക്കാറും ഗവർണറും തമ്മിൽ പോരിലേക്ക് നയിച്ചു.
ഈ പോരാട്ടത്തിൽ സർക്കാറിനെതിരായ വലിയ ആയുധമായി ഗവർണർ ഉയർത്തിക്കാട്ടിയത് പ്രിയയുടെ നിയമനവിവാദമായിരുന്നു. വിഷയം കോടതിയിലെത്തിയതോടെ സർക്കാർ, ഗവർണർ പോരാട്ടത്തിൽ ശ്രദ്ധാകേന്ദ്രമായി പ്രിയയുടെ നിയമന വിവാദം മാറി. ഈ പശ്ചാത്തലത്തിൽ നിയമനം റദ്ദാക്കിയ ഹൈകോടതി വിധി സർക്കാറിന് വലിയ തിരിച്ചടിയാണ്.
സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിനെയാണ് ഗവർണർ എന്നും പ്രതിക്കൂട്ടിൽ നിർത്തിയിരുന്നത്. സ്വജനപക്ഷപാതം എന്ന ആരോപണത്തിന് അനുകൂലമായി കോടതി വിധി വരുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിനെ നേർക്കുനേർ പ്രതിക്കൂട്ടിൽ നിർത്തുന്ന വിഷയമാണ്.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഈ ആരോപണത്തിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന് പെട്ടെന്ന് കരകയറാനും സാധിക്കില്ല. വരും നാളുകളിൽ പ്രതിപക്ഷവും ഈ വിഷയം സർക്കാറിനെതിരായ ആയുധമായി ഉപയോഗക്കും.
ഫേസ്ബുക്കിൽ മലക്കം മറിഞ്ഞ് പ്രിയ
കണ്ണൂര്‍: കണ്ണൂർ സര്‍വകലാശാല നിയമന വിവാദത്തില്‍ കോടതിയോടുള്ള ഫേസ്ബുക്ക് പ്രതികരണത്തിൽ മലക്കം മറിഞ്ഞ് പ്രിയ വർഗീസ്. ബുധനാഴ്ച, തന്നെ വിമര്‍ശിച്ച ഹൈകോടതിയുടെ പരാമര്‍ശത്തില്‍ രൂക്ഷപ്രതികരണവുമായി ഫേസ്ബുക്കിൽ രംഗത്തെത്തിയിരുന്നു. നാഷനൽ സർവിസ് സ്കീമിനായി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്നായിരുന്നു ആദ്യ പ്രതികരണം.
എന്നാൽ, വിവാദമായതോടെ മണിക്കൂറുകൾക്കകം പോസ്റ്റ് പിൻവലിച്ചു. തുടർന്ന്, കോടതിയോട് ആദരവ് മാത്രമേ ഉള്ളൂവെന്ന് വ്യാഴാഴ്ച കുറിപ്പിട്ടു. മാധ്യമങ്ങളിൽവന്ന വാർത്തയോടായിരുന്നു തന്റെ പ്രതികരണം. ഒന്നും രണ്ടുമല്ല, പല മാധ്യമങ്ങളിൽ വന്ന വാർത്തയോട് മാത്രമെന്നായിരുന്നു ആദ്യ പോസ്റ്റിന് ന്യായീകരണമായി പ്രിയ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.