രാഹുലിനൊപ്പം ഇനി പ്രിയങ്കയും
text_fieldsകൽപറ്റ: കൊല്ലപ്പെടുന്നതിന് നാളുകൾക്കുമുമ്പ് 1984 സെപ്റ്റംബര്‍ 28ന് മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധി ശ്രീനഗറിൽ വെച്ച് തന്റെ സന്തത സഹചാരിയും ദീര്‍ഘകാലം പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന എം.എല്‍. ഫൊത്തേദാറിനോട് പറഞ്ഞു:
‘‘ഫൊത്തേദാര്ജി, ഞാന്‍ ചിലപ്പോള്‍ അധികകാലം ജീവിച്ചിരിക്കില്ല, പക്ഷേ പ്രിയങ്ക വളരുന്നതും ദേശീയ തലത്തില്‍ തിളങ്ങുന്നതും കാണാന്‍ നിങ്ങള്‍ക്കാകും. ആളുകള്‍ അവളില്‍ എന്നെ കാണും, അവളെ കാണുമ്പോള്‍ അവര്‍ എന്നെ ഓര്‍ക്കും. അവള് തിളങ്ങും...’’തന്റെ ‘ചിനാര്‍ ലീവ്സ്’ എന്ന പുസ്തകത്തില്‍ ഫോത്തേദാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചുമകൾ പ്രിയങ്കയെക്കുറിച്ച് ഇങ്ങനെ പറഞ്ഞ് ആഴ്ചകൾക്കുശേഷം ഒക്ടോബർ 31നാണ് അംഗരക്ഷകരാൽ ഇന്ദിര കൊല്ലപ്പെടുന്നത്.
വാക്കിലും നോക്കിലും ഇന്ദിരയെ പോലുള്ളവൾ, പ്രിയങ്ക. പ്രചാരണത്തിനിടെ ‘വയനാടിന്റെ പ്രിയദർശിനി’ എന്നാണ് ജനം ആർത്തുവിളിച്ചത്. പ്രധാനമന്ത്രിമാരുടെ കുടുംബത്തിൽ ജനിച്ച അവൾക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശം ഏറെ മുമ്പേ ആകാമായിരുന്നു. എന്നാൽ, 52 വയസ്സുവരെയാണ് പ്രിയങ്ക ഗാന്ധിയെന്ന ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരി തന്റെ ആദ്യ തെരഞ്ഞെടുപ്പ് അങ്കത്തിനായി കാത്തിരുന്നത്. ഇന്നിതാ ആദ്യ അങ്കത്തിൽതന്നെ 410931 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അവർ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
പ്രിയങ്കക്കുമുന്നിൽ ബി.ജെ.പി പാടുപെടും
ലോക്സഭ പ്രതിപക്ഷ നേതാവായതിനുശേഷം, 2024 ജൂലൈ ഒന്നിന് ബി.ജെ.പിയുടെ വിദ്വേഷ വിഭജന രാഷ്ട്രീയത്തിനെതിരെ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗം ഭരണപക്ഷത്തെ അങ്കലാപ്പിലാക്കുന്നതായിരുന്നു. വയനാട്ടിലും റായ്ബറേലിയിലും ഒരുമിച്ച് ജയിച്ച് പ്രതിപക്ഷ നേതാവായതിന്റെ ഉൾക്കരുത്ത് ആ പ്രസംഗത്തിനുണ്ടായിരുന്നു. ഇപ്പോഴിതാ രാഹുൽ ഒഴിഞ്ഞ വയനാട്ടിൽ ഗംഭീരജയം നേടിയ കരുത്തിൽ സഹോദരി പ്രിയങ്കയും പാർലമെന്റ് അംഗമായിരിക്കുന്നു. ഭരണകക്ഷിയായ എൻ.ഡി.എക്ക് ഇനി പ്രിയങ്കയുടെ മൂർച്ചയേറിയ വാക്കുകൾകൂടി പ്രതിരോധിക്കേണ്ടി വരും. രാഹുലും പ്രിയങ്കയും ചേരുന്നത് എൻ.ഡി.എക്ക് ഉറക്കമില്ലാ രാവുകളാണ് സമ്മാനിക്കുകയെന്ന് യുവനേതാവ് സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്.
ഗാന്ധി കുടുംബത്തിനെതിരെ കടുത്ത വിമർശനമുന്നയിക്കൽ സ്ഥിരമാക്കിയ ബി.ജെ.പിക്ക് പ്രിയങ്കയുടെ സാന്നിധ്യം കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കും. രാഹുലിനേക്കാൾ കരുത്തും ആർജവവും കാണിക്കുന്നയാളാണ് പ്രിയങ്കയെന്ന് അവർ ഇതിനകം തെളിയിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.