വയനാടിനായി പ്രിയങ്ക അമിത് ഷാക്ക് മുന്നിൽ; ഇന്ന് മറുപടിയെന്ന് മന്ത്രി
text_fieldsന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി കേരളത്തിൽ നിന്നുള്ള എം.പിമാരുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മുന്നിലെത്തി. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളെ പുനർനിർമിക്കാൻ 2221 കോടി രൂപയുടെ അടിയന്തര സഹായം വേണമെന്നും രാഷ്ട്രീയം മാറ്റിവെച്ച് മാനുഷികമായ സമീപനം വയനാടിനോട് കാണിക്കണമെന്നും അമിത് ഷായോട് പ്രിയങ്ക ആവശ്യപ്പെട്ടു. പ്രിയങ്ക ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് മറുപടി നൽകും.
മറുപടി തൃപ്തികരമല്ലെങ്കിൽ കേരള എം.പിമാരുമായി പ്രിയങ്ക പ്രധാനമന്ത്രിയെ കാണും. കേന്ദ്രം ചില സഹായം ചെയ്യുമെന്നും അതെന്തൊക്കെയാണെന്ന് അവർ തീരുമാനിക്കുമെന്നുമാണ് അമിത് ഷാ മറുപടി നൽകിയതെന്ന് പ്രിയങ്ക മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആവശ്യം ഗൗരവമായി കേട്ട അമിത് ഷാ ഗൗരവമായി വയനാടിനായി കേന്ദ്രത്തിന് ചില പദ്ധതികളുണ്ടെന്ന് പറഞ്ഞുവെന്നും പ്രിയങ്ക തുടർന്നു. കണക്കൂകൂട്ടാനാകാത്തത്രയും കൊടുംനാശമാണുണ്ടായത്. വീടുകളും കുടുംബങ്ങളും വിദ്യാലയങ്ങളും കച്ചവടസ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാം കുത്തിയൊലിച്ചുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിൽ പോയതാണെന്നും അദ്ദേഹത്തോട് കാര്യങ്ങൾ ചോദിച്ചറിയണമെന്നും അമിത് ഷായോട് പ്രിയങ്ക ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി വന്നപ്പോൾ വല്ല സഹായവും കിട്ടുമെന്ന് ജനം പ്രതീക്ഷിച്ചു. എന്നാൽ ഒന്നും ലഭിച്ചില്ലെന്നത് ഖേദകരമാണ്. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ വേദനയും പ്രയാസവും കാണണം. കേരളത്തിൽ നിന്നുള്ള എല്ലാം എം.പിമാർക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. എല്ലാം നഷ്ടമായവർക്ക് ജീവിതം തിരിച്ചുപിടിക്കാനാണ് 2221 കോടി ആവശ്യപ്പെട്ടത്. ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്രം സഹായിച്ചില്ലെങ്കിൽ അത് അങ്ങേയറ്റം മോശമായ സന്ദേശമായിരിക്കും നൽകുകയെന്ന് പ്രധാനമന്ത്രിക്ക് എഴുതിയിട്ടുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.