സ്നേഹത്തിൽ പൊതിഞ്ഞ് പ്രവർത്തകർ; കൂടെയുണ്ടാകുമെന്ന് പ്രിയങ്ക
text_fieldsനിലമ്പൂർ: വയനാട്ടിൽ കന്നിപ്പോരിനിറങ്ങിയ പ്രിയങ്ക ഗാന്ധിയെ സ്നേഹംകൊണ്ട് പൊതിഞ്ഞ് യു.ഡി.എഫ് പ്രവർത്തകർ. ഹൃദയത്തിൽ തൊട്ട വാക്കുകളുമായി ജനമനസ്സുകളിലേക്ക് ഇറങ്ങിയ പ്രിയങ്ക അവർക്കാവേശമായി. എന്നും കൂടെയുണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ സദസ്സ് ആ വാക്കുകളെ നിറഞ്ഞ മനസ്സോടെ എതിരേറ്റു. വീട്ടമ്മമാരും കുട്ടികളുമടക്കം വൻ ജനക്കൂട്ടമാണ് പ്രിയങ്കയെ കാണാനും ആശീർവദിക്കാനും പാതയോരങ്ങളിൽ കാത്തുനിന്നത്.
പ്ലക്കാർഡുകളും ബലൂണുകളും താളമേളങ്ങളുമായി ഉജ്ജ്വല സ്വീകരണമാണ് ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ നൽകിയത്. പ്രായമായവരും കുഞ്ഞുങ്ങളുമടക്കം നിരവധിപേർ വെയിലത്തും സ്ഥാനാർഥിയെ കാത്തുനിന്നു. ഇരുവശവും തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിവാദ്യംചെയ്ത് റോഡ്ഷോയോടെയാണ് പ്രിയങ്ക വേദിയിലെത്തിയത്. മുമ്പ് രാഹുലിന് വോട്ടഭ്യർഥിക്കാനെത്തിയ തെരട്ടമ്മൽ മൈതാനത്തായിരുന്നു പ്രിയങ്കയുടെ ആദ്യ യോഗം. വയനാടിന്റെ സാഹോദര്യവും രാഹുലിനോട് കാണിച്ച സ്നേഹവുമെല്ലാം പ്രിയങ്കയുടെ പ്രസംഗത്തിൽ കടന്നുവന്നു.
കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനമുയർത്തിയായിരുന്നു പ്രിയങ്കയുടെ പ്രസംഗങ്ങളേറെയും. സ്നേഹത്തിനും ഐക്യത്തിനും പകരം വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയമാണ് ബി.ജെ.പി പയറ്റുന്നതെന്നും ഇത് രാജ്യത്തെ ഇല്ലാതാക്കുമെന്നും പ്രിയങ്ക പറഞ്ഞു. നിങ്ങൾ തന്ന ഈ സ്നേഹം ഒരിക്കലും മറക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. ചൊവ്വാഴ്ച രാത്രി കരിപ്പൂർ വഴി ഡൽഹിയിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.