ഹിന്ദിയും ഇംഗ്ലീഷും ഫ്രഞ്ചും ഇറ്റാലിയനും വഴങ്ങും; വയനാട്ടുകാരെ കൈയിലെടുക്കാൻ മലയാളം പഠിക്കാൻ പ്രിയങ്ക ഗാന്ധി
text_fieldsമനസുനിറയ്ക്കുന്ന വിജയം സമ്മാനിച്ച വയനാട്ടുകാരുമായി നേരിട്ട് ആശയവിനിമയം നടത്താൻ മലയാളം പഠിക്കാനൊരുങ്ങി പ്രിയങ്ക ഗാന്ധി. രാഹുലും പ്രിയങ്കയും പ്രസംഗിക്കുന്നത് എപ്പോഴും പരിഭാഷകരുടെ സഹായത്തോടെയാണ്. വയനാട്ടിലെത്തുമ്പോൾ ജോതി രാധിക വിജയകുമാർ ആണ് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്.
മനസിൽ ഉദ്ദേശിച്ചത് ഏതാണ്ട് അതേ പടി ജനങ്ങളിലേക്ക് എത്തിക്കാൻ പരിഭാഷകർക്ക് സാധിക്കുമെങ്കിലും ഒരിക്കലും ആളുകളോട് നേരിട്ട് സംവദിക്കുന്നതിന്റെ ഗുണം അതിനുണ്ടാവില്ല. പ്രചാരണങ്ങൾക്കായി വയനാട്ടിലെത്തിയതു മുതൽ ചില മലയാളവാക്കുകൾ പ്രിയങ്കക്ക് പരിചിതമായിട്ടുണ്ട്. നേതാവിനെ മലയാളം പഠിപ്പിക്കാൻ ഒരു അധ്യാപികയെ നിയമിക്കണമെന്ന നിർദേശം മുതിർന്ന നേതാവ് തന്നെ മുന്നോട്ട് വെച്ചിരിക്കുകയാണ്.
ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിനൊപ്പം നിവേദനങ്ങൾ വായിക്കാനും മനസിലാക്കാനുമാണ് മലയാളം പഠനത്തിലൂടെ പ്രിയങ്ക ലക്ഷ്യമിടുന്നത്. ഏതു ഭാഷയും പ്രിയങ്കക്ക് എളുപ്പം വഴങ്ങുമെന്നാണ് പ്രിയങ്കയുമായി അടുപ്പമുള്ളവർ പറയുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളാണ് പ്രിയങ്കക്ക് വശമുള്ളത്. വയനാട്ടിലെ പള്ളിക്കുന്ന് പള്ളി സന്ദർശിച്ചപ്പോൾ ഫ്രഞ്ചിലും ഇറ്റാലിയനിലുമായിരുന്നു ആശയ വിനിമയം. തമിഴും കുറച്ചൊക്കെ അറിയാം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് മിന്നുംജയമാണ് വയനാട്ടിലെ വോട്ടർമാർ സമ്മാനിച്ചത്. 4.10 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രിയങ്കക്ക് നൽകിയത്. ലോക്സഭ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷവും മറികടക്കുന്ന ജയമാണിത്പോളിങ്ങിലെ കുറവ് പ്രിയങ്കയുടെ വിജയത്തിന്‍റെ തിളക്കം കുറച്ചില്ല. 410931 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്ക നേടിയത്.
622338 വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി സത്യന്‍ മൊകേരിക്ക് 211407 വോട്ടുകളും ബി.ജെ.പിയുടെ നവ്യഹരിദാസിന് 109939 വോട്ടുകളും മാത്രമാണ് നേടാനായത്. ലോക്സഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്‍റെ ഏറ്റവും മോശം പ്രകടനമാണിത്. ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെട്ട എൽ.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിൽ ഒതുങ്ങി.
നാളെ വയനാടിന്റെ എം.പിയായി പ്രിയങ്ക സത്യപ്രതിജ്ഞ െചയ്യും. പാർലമെന്റിന്റെ ശീതകാല സമ്മേളനം നാളെ മുതലാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പാർലമെന്റിൽ പ്രിയങ്ക ഉന്നയിക്കാൻ പോകുന്ന വിഷയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.