വയനാടൻ അങ്കം പ്രിയങ്കക്ക് നിർണായകം
text_fieldsകൽപറ്റ: വയനാടൻ യു.ഡി.എഫ് കോട്ടയിൽ പ്രിയങ്കയെന്ന ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിക്ക് വെറുമൊരു ജയമല്ല, അതിഗംഭീര ജയംതന്നെ വേണം. പാരമ്പര്യമായി ലഭിച്ച രാഷ്ട്രീയ പൈതൃകത്തിനുമപ്പുറം ജനകീയ പിന്തുണയുള്ള രാഷ്ട്രീയ സ്വത്വമുണ്ടാക്കണം. അതിനാൽതന്നെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യ അങ്കം പ്രിയങ്കക്ക് നിർണായകം.
2019ൽ വയനാട്ടിലേക്ക് മാസ് എൻട്രി നടത്തിയ സഹോദരൻ രാഹുൽ ഗാന്ധി 4,31,770 എന്ന കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പക്ഷേ, കഴിഞ്ഞ തവണ സി.പി.ഐയുടെ ദേശീയ നേതാവ് ആനി രാജ വന്നതോടെ രാഹുലിന്റെ ഭൂരിപക്ഷം 3,64,422 ആയി കുറഞ്ഞു. ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് അഞ്ചുലക്ഷത്തിൽ കവിഞ്ഞ ഭൂരിപക്ഷം കിട്ടുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. ഇത്തരത്തിൽ മിന്നും ജയത്തിലൂടെയാകണം പ്രിയങ്ക ആദ്യ അങ്കം കുറിക്കേണ്ടതെന്നത് പാർട്ടിയുടേത് മാത്രമല്ല, പ്രിയങ്കയുടേയും ആവശ്യമാണ്.
2019 ജനുവരിയിലാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി രംഗപ്രവേശം. അതിന് മുമ്പേ 2004ൽ റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ കാമ്പയിൻ മാനേജറായിരുന്നു. രാഹുലിന്റെ കാമ്പയിനുകളിലും സജീവമായിരുന്നു. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ കോൺഗ്രസിന്റെ തിരിച്ചുവരവിനായി പ്രയത്നിച്ചു.
2022ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ വനിതശാക്തീകരണമടക്കം വിഷയങ്ങൾ ഉന്നയിച്ച് യോഗി സർക്കാറിനെതിരെ ശക്തമായി രംഗത്തിറങ്ങി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.പിയിൽ ഇൻഡ്യ സഖ്യത്തിന് വൻ മുന്നേറ്റമൊരുക്കിയതിന്റെ പ്രധാന ക്രെഡിറ്റ് പ്രിയങ്കക്കായിരുന്നു. 2019ൽ 64 സീറ്റുകൾ നേടിയ എൻ.ഡി.എ കഴിഞ്ഞതവണ 36 സീറ്റിലേക്കാണ് കൂപ്പുകുത്തിയത്. ഇൻഡ്യ സഖ്യം 43 സീറ്റുമായി വൻ മുന്നേറ്റം നടത്തിയപ്പോൾ കൂടുതൽ കൈയടി കിട്ടിയത് പ്രിയങ്കക്കായിരുന്നു.
എ.ഐ.സി.സി ജന. സെക്രട്ടറിയായ പ്രിയങ്കക്ക് കോൺഗ്രസിന്റെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ സുപ്രധാനമായ പങ്കാണുള്ളത്. 2019ലും കഴിഞ്ഞ തവണയും രാഹുലിന്റെ പ്രചാരണത്തിനായി നിരവധി തവണ വയനാട്ടിൽ എത്തിയത് വൻ ഓളമുണ്ടാക്കിയിരുന്നു. രാഷ്ട്രീയത്തിനപ്പുറമുള്ള ഗരിമയും ഇന്ദിരയോടുള്ള സാദൃശ്യവും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഗംഭീരപ്രസംഗവും പ്രിയങ്കയെ ഇതിനകം വയനാടിന്റെ പ്രിയങ്കരിയാക്കിയിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് സ്ഥാനാർഥിയായി വയനാട്ടിലെത്തുന്നത്. യു.പി വിട്ട് ആദ്യമായാണ് ഗാന്ധി കുടുംബത്തിലെ ഒരാൾ കന്നിയങ്കത്തിനിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.
മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലവും കോഴിക്കോട് ജില്ലയിലെ ഒന്നും വയനാട്ടിലെ മൂന്ന് മണ്ഡലവും ഉള്‍പ്പെടുന്ന വയനാട് ലോക്സഭ മണ്ഡലം 2009ലാണ് രൂപവത്കരിച്ചത്. അന്നു മുതല്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണ്. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകം. രാഹുല്‍ ഒഴിഞ്ഞപ്പോൾ പ്രിയങ്കതന്നെ വേണമെന്ന മുസ്ലിം ലീഗ് അടക്കമുള്ളവരുടെ താല്പര്യമാണ് പരിഗണിക്കപ്പെട്ടത്.
വൻ റോഡ് ഷോ, പ്രിയങ്ക പത്രിക നൽകും
കൽപറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച പത്രിക സമർപ്പിക്കും. റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും എത്തും. കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് രാവിലെ 10.30നാണ് റോഡ് ഷോ തുടങ്ങുക. തുടർന്ന് കലക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ല കലക്ടർക്ക് പത്രിക നൽകും. കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു എന്നിവരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.