പ്രചാരണത്തിനായി നവംബർ മൂന്നിന് പ്രിയങ്ക വീണ്ടും വയനാട്ടിൽ
text_fieldsകല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധി പ്രചാരണത്തിനായി നവംബർ മൂന്നിന് വീണ്ടും വയനാട്ടിലെത്തും. രാഹുൽ ഗാന്ധിയോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്ന് പാർട്ടി അറിയിച്ചു. നവംബർ ഏഴ് വരെ പ്രിയങ്ക വയനാട്ടിൽ ഉണ്ടാകും.
നവംബർ മൂന്നിന് രാവിലെ പതിനൊന്നിന് മാനന്തവാടി ഗാന്ധി പാർക്കിലായിരിക്കും ആദ്യ പരിപാടി. അന്നു തന്നെ മറ്റ് യോഗങ്ങളിലും പങ്കെടുക്കും. നവംബർ നാലിന് കൽപ്പറ്റ, സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ അഞ്ചിടങ്ങളിൽ പ്രിയങ്ക കോർണർ യോഗങ്ങൾ നടത്തുമെന്ന് പാർട്ടി അറിയിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യ മത്സരമാണിത്. രാഹുല്‍ഗാന്ധിക്കും സോണിയാഗാന്ധിക്കുമൊപ്പം റോഡ് ഷോയോടു കൂടിയായിരുന്നു പ്രിയങ്ക പ്രചാരണത്തിന് തുടക്കം കുറിച്ചത്.
അതേസമയം, എൽ.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും ഭാഗത്ത് നിന്ന് പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിൽ വലിയ വിമർശനം ഉയരുന്നുണ്ട്. രാഹുലിനെപ്പോലെ പ്രിയങ്കയും വയനാട്ടിലെ അതിഥിയായി പോകുമെന്നും മണ്ഡലത്തിൽ ഉണ്ടാവില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു. പ്രിയങ്കയുടെ വരവും റോഡ്ഷോയും വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ഉത്സവം പോലെയാണെന്നാണ് ബി.ജെ.പി സ്ഥാനാർഥി നവ്യ ഹരിദാസ് അഭിപ്രായപ്പെട്ടത്.
റായ്ബറേലി, വയനാട് ലോക്സഭ മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ രണ്ടിടത്തും വിജയിച്ചതിനെതുടർന്ന് വയനാട്ടിൽനിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാജി പ്രഖ്യാപന സമയത്തുതന്നെ പ്രിയങ്കയുടെ സ്ഥാനാർഥി പ്രഖ്യാപനവും നടത്തി. പ്രിയങ്കക്ക് രാഹുലിനെക്കാൾ ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി 6,47,445 വോട്ടും ഇടത് സ്ഥാനാർഥി ആനിരാജ 2,83,023- ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ 1,41045 വോട്ടും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.