പ്രിയങ്കയുടെ വരവ്; കരുതലോടെ ഇടതുക്യാമ്പ്
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി ഉറപ്പായതോടെ വിമർശനത്തിനൊപ്പം സ്ഥാനാർഥി ചർച്ചകളിലേക്കും കടന്ന് എതിർക്യാമ്പുകൾ. പ്രിയങ്കയുടെ കന്നിപ്പോരിനെ കുടുംബവാഴ്ച ആരോപിച്ചാണ് ബി.ജെ.പി എതിരിട്ടതെങ്കിൽ രാഹുലിനെ നാടകത്തിനു വേഷം കെട്ടിച്ചെന്ന എങ്ങും തൊടാത്ത പ്രതികരണമാണ് സി.പി.ഐയിൽനിന്നുണ്ടായത്. ലോക്സഭ ജനവിധിയിൽ ഇൻഡ്യ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കിയതിന്റെ സ്വാഭാവിക പ്രതിഫലനങ്ങൾ ഉപതെരഞ്ഞെടുപ്പിലുമുണ്ടാകുമെന്നതിനാൽ കൂട്ടിക്കിഴിച്ചാണ് ഇടത് നീക്കങ്ങൾ. രാഹുലിനു പകരം പ്രിയങ്ക എത്തിയതോടെ ‘രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന’ പ്രചാരണങ്ങൾക്ക് കാര്യമായ മൂർച്ചയില്ലാതായി. പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിട്ടതും ഇത്തരമൊരു പ്രതിരോധം തന്നെ. ‘രണ്ടാം ഇന്ദിര’ എന്ന് കോൺഗ്രസ് നേതാക്കൾ ഇതിനോടകം വിശേഷിപ്പിച്ച പ്രിയങ്ക, ആദ്യ മത്സരത്തിനിറങ്ങുന്നത് വയനാട്ടിലാണെന്നതിനാൽ ഇക്കുറി പോരാട്ടത്തിന് പ്രാധാന്യവുമേറി. തങ്ങളൊന്നിച്ചുള്ള സഖ്യത്തെ ദേശീയ തലത്തിൽ നയിക്കുന്ന നേതാവിനെതിരെയുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിലും പഴയ മൂർച്ചയുമില്ല.
മത്സരം ഉറപ്പായ സാഹചര്യത്തിൽ രാഷ്ട്രീയ പ്രതികരണത്തിന് നിർബന്ധിതമായതിലുള്ള നിസ്സഹായാവസ്ഥയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിൽ. ‘‘ഇതായിരുന്നു കോൺഗ്രസിന്റെ പദ്ധതിയെങ്കിൽ ഇതുപോലെ നാടകത്തിനു വേഷം കെട്ടിക്കാൻ കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധിയെ പോലെ വലിയൊരാളെ കൊണ്ടുവരാൻ പാടില്ലായിരുന്നു.
രാഹുൽ ഗാന്ധിയെ അവർ തെക്കോട്ടു വലിച്ചിഴച്ച് കൊണ്ടുവന്നു. ഫല പ്രഖ്യാപനത്തിന്റെ രണ്ടാം ആഴ്ച അദ്ദേഹം രാജിവെച്ചിരിക്കുന്നു’’. രാഹുലിനെ പറയാതെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയാണ് ബിനോയ് പഴിക്കുന്നത്.
ആനിരാജ സി.പി.ഐ സ്ഥാനാർഥിയാകുമെന്ന് കേൾക്കുന്നുണ്ടെങ്കിലും ഇക്കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നായിരുന്നു അവരുടെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ സർപ്രൈസായാണ് കെ. സുരേന്ദ്രനെ എൻ.ഡി.എ വയനാട്ടിൽ പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസിൽനിന്ന് സീറ്റ് ഏറ്റെടുത്തായിരുന്നു മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.