തെരഞ്ഞെടുപ്പിൽ ആദ്യമായി പിന്തുണ തേടുന്നു; എന്നും വയനാടിനൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി
text_fieldsകൽപ്പറ്റ: തെരഞ്ഞെടുപ്പിൽ ആദ്യമായി തനിക്ക് വേണ്ടി പിന്തുണ തേടുകയാണെന്ന് വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. 17ാം വയസിലാണ് പിതാവിന് വേണ്ടി താൻ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. പിന്നീട് മാതാവിനും സഹോദരനും സഹപ്രവർത്തകർക്കും വേണ്ടി നിരവധി തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. ഇതാദ്യമായി തനിക്ക് വേണ്ടി വോട്ട് തേടുകയാണെന്ന് പ്രിയങ്ക പറഞ്ഞു.
ഈ അവസരം എനിക്ക് കിട്ടിയ ആദരമാണ്. നിങ്ങളുടെ പല പ്രശ്നങ്ങളും എന്റെ സഹോദരനോട് പറഞ്ഞിട്ടുണ്ടാകും. നിങ്ങളാണ് എന്റെ കുടുംബം. നിങ്ങളുടെ പ്രശ്നത്തിലെല്ലാം താനുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മുണ്ടക്കൈ ഉരുൾപ്പൊട്ടലിനെ അനുസ്മരിച്ച പ്രിയങ്ക ഗാന്ധി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ കണ്ടുവെന്നും പറഞ്ഞു. ദുരന്തത്തെ നേരിട്ട വയനാട്ടുകാരുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
എന്റെ സഹോദരന് വലിയ പിന്തുണയാണ് നിങ്ങൾ നൽകിയത്. ആ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന് രാജ്യം മുഴുവൻ നടക്കാൻ സാധിക്കുമായിരുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. റോഡ് ഷോക്ക് ശേഷം നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു പ്രിയങ്കയുടെ പരാമർശം.
പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച രാഹുൽ ഗാന്ധി വയനാടിന് രണ്ട് ജനപ്രതിനിധികൾ ഉണ്ടാവുമെന്ന് പറഞ്ഞു. പ്രിയങ്ക വയനാടിന്റെ ഔദ്യോഗിക എം.പിയാണെങ്കിൽ താൻ അനൗദ്യോഗിക എം.പിയായിരിക്കും. ഞങ്ങൾ രണ്ട് പേരും വയനാടിന് വേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.