പ്രിയങ്കഗാന്ധിയുടെ വിജയം: എ. വിജയരാഘവന്‍ പറഞ്ഞത് സി.പി.എം ലൈനാണ്-വി.ഡി സതീശൻ
text_fieldsകൊച്ചി: പ്രിയങ്കഗാന്ധിയുടെ വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന് സി.പി.എം നേതാവ് എ. വിജയരാഘവന്‍ പറഞ്ഞത് സി.പി.എം ലൈനാണ്. കഴിഞ്ഞ കുറെക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനങ്ങളാണ് സി.പി.എം സ്വീകരിക്കുന്നത്.
നാലു ലക്ഷത്തി പതിനായിരം വോട്ടിന് പ്രിയങ്കാ ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്ന് വിജയരാഘവന്‍ അല്ലാതെ ആരും പറയില്ല. വിജയരാഘവന്‍ യു.ഡി.എഫിന്റെ ഐശ്വര്യമെന്ന ട്രോളാണ് യഥാർഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാറില്‍ പോകുന്നത് അമ്മായിഅമ്മയെ കാണാനാണോയെന്ന വിജയരാഘവന്റെ ചോദ്യം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്യാതെ പ്രിയങ്കാഗാന്ധി എങ്ങനെയാണ് നാലുലക്ഷത്തി പതിനായിരം വോട്ടിന് വിജയിക്കുന്നത്. തീവ്രവാദികളാണ് വോട്ട് ചെയ്തതെന്നു പറയുന്നത് സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ്. സംഘ്പരിവാറിന് സംസാരിക്കുന്നതിനുള്ള ആയുധമാണ് വിജയരാഘവന്‍ നല്‍കിയിരിക്കുന്നത്. എന്തും പറയാന്‍ വേണ്ടി വിജയരാഘവനെ പോലുള്ളവരെ പിണറായി വിജയന്‍ ഉപയോഗിക്കുകയാണ്.
സംഘ്പരിവാറിനെ പോലും നാണംകെടുത്തുന്ന രീതിയിലുള്ള വര്‍ഗീയ പ്രചരണമാണ് സി.പി.എം ഇപ്പോള്‍ നടത്തുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ് ശ്രമം.
വടക്കേ ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞതും ഇതുതന്നെയാണ്. മുഖ്യമന്ത്രിക്കു വേണ്ടി പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്തയും ഇതുതന്നെ. സംഘ്പരിവാര്‍ വര്‍ഷങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ സി.പി.എമ്മിന്റെ നാവിലൂടെയാണ് പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.