വയനാടിന്‍റെ പ്രിയങ്കരി! കന്നിയങ്കത്തിൽ മിന്നിത്തിളങ്ങി പ്രിയങ്ക; 4.10 ലക്ഷം ഭൂരിപക്ഷം
text_fieldsകൽപറ്റ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് മിന്നുംജയം. വയനാട്ടിലെ വോട്ടർമാർ 4.10 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രിയങ്കക്ക് നൽകിയത്. ലോക്സഭ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷവും മറികടക്കുന്ന ജയം.
പോളിങ്ങിലെ കുറവ് പ്രിയങ്കയുടെ വിജയത്തിന്‍റെ തിളക്കം കുറച്ചില്ല. 410931 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്ക നേടിയത്. 622338 വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി സത്യന്‍ മൊകേരിക്ക് 211407 വോട്ടുകളും ബി.ജെ.പിയുടെ നവ്യഹരിദാസിന് 109939 വോട്ടുകളും മാത്രമാണ് നേടാനായത്. ലോക്സഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്‍റെ ഏറ്റവും മോശം പ്രകടനമാണിത്. ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെട്ട എൽ.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിൽ ഒതുങ്ങി.
ബി.ജെ.പി സ്ഥാനാർഥിക്ക് കെട്ടിവെച്ച പണം പോലും നഷ്ടപ്പെട്ടു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഈ റെക്കോഡ് ഭൂരിപക്ഷമാണ് പ്രിയങ്ക ഗാന്ധി മറികടന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിന്‍റെ ഭൂരിപക്ഷം നേടികൊടുക്കുമെന്നായിരുന്നു തുടക്കം മുതലെ യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ, പോളിങ് ശതമാനത്തിൽ ഇടിവുണ്ടായതാണ് തിരിച്ചടിയായത്.
വോട്ടിങ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണൽ തുടങ്ങിയതോടെ തന്നെ ഭൂരിപക്ഷം നാലു ലക്ഷം കടക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. രാഹുലിനെ പോലെ സഹോദരി പ്രിയങ്കയെയും വയനാട്ടിലെ വോട്ടർമാർ നെഞ്ചോടു ചേർത്തു എന്നതിന്‍റെ തെളിവാണ് പുറത്തുവന്ന ഫലം. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച് വയനാട്ടില്‍ 64.53 ശതമാനമാണ് ഇത്തവണ പോളിങ്. കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു ഇത്.
വയനാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍, മുന്നണി, ലഭിച്ച വോട്ടുകള്‍ യഥാക്രമം
പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) -622338 (ഭൂരിപക്ഷം 410931)
സത്യന്‍ മൊകേരി ( കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) -211407
നവ്യ ഹരിദാസ് (ബി.ജെ.പി) -109939
സന്തോഷ് പുളിക്കല്‍ (സ്വത) -1400
ഷെയ്ഖ് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി) -1270
ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബെര്‍ജോര്‍ സംഘ്) -1243
സോനു സിംഗ് യാദവ് (സ്വത) -1098
രുഗ്മിണി (സ്വത) -955
ആര്‍.രാജന്‍ (സ്വത) -549
ദുഗ്ഗിരാല നാഗേശ്വരറാവു (ജാതീയ ജന സേന പാര്‍ട്ടി) -394
ജയേന്ദ്ര റാത്തോഡ് (റൈറ്റ് ടു റീകാള്‍ പാര്‍ട്ടി) -328
ഡോ. കെ. പത്മരാജന്‍ (സ്വത) -286
എ. സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി) -283
എ. നൂര്‍മുഹമ്മദ് (സ്വത) -265
ഇസ്‌മെയില്‍ സാബി ഉള്ള (സ്വത) -221
അജിത്ത്കുമാര്‍ (സ്വത) -189
നോട്ട -(5406)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.