പ്രിയയുടെ യോഗ്യത ചോദ്യം ചെയ്യപ്പെട്ടത് അധ്യാപന പരിചയത്തിൽ മാത്രം
text_fieldsകൊച്ചി: അസോസിയേറ്റ് പ്രഫസർ നിയമനത്തിന് യു.ജി.സി നിഷ്കർഷിക്കുന്ന നാല് യോഗ്യതകളിൽ മൂന്നാമത്തേതായ അധ്യാപന പരിചയം എന്ന വ്യവസ്ഥയിലാണ് പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടത്.
പ്രിയ അവകാശപ്പെട്ട പിഎച്ച്.ഡി ഗവേഷണം, സ്റ്റുഡന്റ്സ് സർവിസ് ഡയറക്ടർ, എൻ.എസ്.എസ് കോഓഡിനേറ്റർ തുടങ്ങിയവ അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ഈ യോഗ്യതകളെ സെലക്ഷൻ കമ്മിറ്റി അംഗീകരിച്ചത് ശരിയായില്ലെന്നും കോടതി പറഞ്ഞു. കുന്നംകുളം വിവേകാനന്ദ കോളജിലും തൃശൂർ കേരളവർമ കോളജിലും അസി. പ്രഫസറായിരുന്ന കാലയളവ് മാത്രമാണ് അധ്യാപന പരിചയമായി കോടതി പരിഗണിച്ചത്. യു.ജി.സി ചട്ടപ്രകാരം താൽക്കാലിക ലെക്ചറർ എന്നത് അധ്യാപന പരിചയമല്ലെന്ന് കോടതി പറഞ്ഞു.
ഗവേഷണവും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോയാൽ മാത്രമേ പി.എച്ച് ഡി കാലയളവും അധ്യാപന പരിചയമായി കണക്കാക്കാനാകൂവെന്ന് യു.ജി.സി ചട്ടത്തിലുണ്ടെന്നും കോടതി പറഞ്ഞു. ഫുൾടൈം പിഎച്ച്.ഡി സ്കോളറായിരുന്നെന്നും ടീച്ചിങ് അസൈൻമെന്റുകളില്ലായിരുന്നെന്നും പ്രിയയുടെ സത്യവാങ്മൂലത്തിൽ പറയുന്നതും കോടതി ചൂണ്ടിക്കാട്ടി. സ്റ്റുഡന്റ്സ് സർവിസ് ഡയറക്ടറായി പ്രവർത്തിച്ചെങ്കിലും ഇതും അധ്യാപന പരിചയമായി കാണാനാകില്ല. എൻ.എസ്.എസ് ചുമതലയും നിയമനത്തിനുള്ള യോഗ്യതയല്ല. ഈ പദവിയിലും വിദ്യാർഥികളെ പഠിപ്പിച്ചതായി പറയുന്നില്ല. കണ്ണൂർ സർവകലാശാല ഓർഡിനൻസ് പ്രകാരം സ്റ്റുഡന്റ്സ് സർവിസ് ഡയറക്ടറും എൻ.എസ്.എസ് കോ ഓഡിനേറ്ററും അധ്യാപക ഇതര വിഭാഗമാണെന്ന് ഹരജിക്കാരൻ പറയുന്നതും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.