പ്രിയേഷിനറിയാം, കടൽ കുപ്പത്തൊട്ടിയല്ലെന്ന്...
text_fieldsവടകര: മത്സ്യബന്ധന തൊഴിലാളിയായ അഴിയൂര്‍ സ്വദേശി പ്രിയേഷ് മാളിയേക്കലിന് കടല്‍ ജീ വിതവും അന്നദാതാവുമാണ്. അതുകൊണ്ടുതന്നെ, കടലിെൻറ ശുദ്ധി ഏറെ പ്രധാനമാണ്. 10ാം ക്ലാസ് തുല്യതാപഠനത്തിനിടയിലാണ് പ്ലാസ്റ്റിക്കിെൻറ ഭീകരതയെക്കുറിച്ച് അദ്ദേഹം പുസ് തകങ്ങളിൽ നിന്ന് മനസ്സിലാക്കിയത്. പിന്നീടിങ്ങോട്ട് കടലില്‍ പോയി തിരിച്ചുവരുമ്പോള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത് ശീലമായി. സ്വന്തം ചെലവില്‍ അഴിയൂരിലെ അഞ്ച് കിലോമീറ്റര്‍ കടല്‍ത്തീരത്തുനിന്ന് 13.5 ടണ്‍ മാലിന്യം നീക്കിക്കഴിഞ്ഞു. വെറും അഞ്ച് കിലോമീറ്റർ പരിധിയിൽ ഇതാണ് അവസ്ഥയെങ്കിൽ 580 കിലോമീറ്ററുള്ള സംസ്ഥാനത്തെ കടല്‍ത്തീരത്താകെ എത്രത്തോളം മാലിന്യം കാണുമെന്നാണ് പ്രിയേഷിെൻറ ആശങ്ക.
ഒരാള്‍ മാത്രം പ്രവര്‍ത്തിച്ചതുകൊണ്ട് ഈ വിപത്ത് അവസാനിപ്പിക്കാനാകില്ലെന്ന് പ്രിയേഷ് പറഞ്ഞു. പലരുടെയും ധാരണ കടല്‍ ഒരു കുപ്പത്തൊട്ടിയാണെന്നാണ്. നാളിതുവരെയില്ലാത്ത രീതിയില്‍ മത്സ്യലഭ്യത കുറഞ്ഞിരിക്കുകയാണിപ്പോള്‍. നേരത്തേ തീരത്തോട് ചേര്‍ന്ന് വലയെറിഞ്ഞാല്‍ വീട്ടാവശ്യത്തിനുള്ള മത്സ്യം ലഭിക്കുമായിരുന്നു. എന്നാലിപ്പോള്‍ വെറും മാലിന്യം മാത്രമാണ് ലഭിക്കുന്നത്. കടലിന് കരുതല്‍ നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകും -അദ്ദേഹം പറയുന്നു.
അടുത്തിടെ വന്‍തോതില്‍ മാലിന്യം കണ്ടുതുടങ്ങിയതോടെ അഴിയൂര്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ, പഞ്ചായത്തിെൻറ ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി മാലിന്യനിർമാര്‍ജനം നടത്തി. അഴിയൂർ ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ തലത്തില്‍ വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. കടല്‍ ശുചീകരണത്തിനായി കാലാവസ്ഥ വ്യതിയാന വകുപ്പിന് 20 ലക്ഷം രൂപയുടെ പദ്ധതി നിർദേശം സമർപ്പിച്ചതായി പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് ‘മാധ്യമ’ത്തോട് പറഞ്ഞു. മറ്റു പ്രദേശങ്ങളിലും ഈ പ്രവർത്തനത്തിന് തുടര്‍ച്ചയുണ്ടായാല്‍ ഏറെ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രളയദുരന്തത്തിലെ രക്ഷകനായും മറ്റു സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാനത്തുടനീളം നിരവധി അംഗീകാരങ്ങൾ പ്രിയേഷിനെ ഇതിനകം തേടിയെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.