മെഡിക്കൽ കോളജ് പി.ആർ.ഒ നിയമന വിവാദം: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.ആർ.ഒ നിയമന വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസിലെത്തിയ പൊലീസ് സംഘം, യുവതിക്ക് ലഭിച്ചുവെന്ന് പറയുന്ന കത്തിെൻറ രേഖകൾ പരിശോധിച്ചു.
ഇതിൽ ഇന്‍റർവ്യൂവിന് പങ്കെടുക്കാൻ യുവതിക്ക് കത്ത് അയച്ചിട്ടില്ലെന്ന് കണ്ടെത്തിയതായാണ് സൂചന. ഇതോടെ യുവതിക്ക് ലഭിച്ചുവെന്ന് പറയുന്ന ഇന്‍റർവ്യൂ കാർഡിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.
കഴിഞ്ഞ ആറിനാണ് പി.ആർ.ഒ ഇന്‍റർവ്യൂ നടന്നത്. എറണാകുളം പ്രഫഷനൽ എംപ്ലോയ്മെന്‍റ് ഓഫിസിൽനിന്ന് നൽകിയ സീനിയോരിറ്റി ലിസ്റ്റ് അനുസരിച്ചാണ് ഉദ്യോഗാർഥികളെ വിളിച്ചത്. ഇതനുസരിച്ച് ഇന്‍റർവ്യൂ നടത്തിയപ്പോൾ ഇതിൽ പങ്കെടുത്ത മെഡിക്കൽ കോളജിൽ പി.ആർ.ഒ ട്രെയിനിയായി ജോലി ചെയ്തുവരുകയായിരുന്ന ഏറ്റുമാനൂർ പേരൂർ സ്വദേശിയായ യുവതി സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
യുവതി തനിക്ക് ലഭിച്ചതെന്ന് അവകാശപ്പെട്ട് നൽകിയ കാൾലെറ്റർ പരിശോധിച്ചപ്പോൾ ആശുപത്രിയിൽനിന്ന് അയച്ചതല്ല ഇതെന്ന് വ്യക്തമാകുകയായിരുന്നു. തുടർ പരിശോധനയിൽ ഇന്‍റർവ്യൂവിന് പങ്കെടുക്കാൻ ആശുപത്രിയിൽ ഇന്‍റർവ്യൂ പട്ടികയിൽ ആറാം ക്രമനമ്പർ സ്ഥാനത്തുണ്ടായിരുന്ന ഉദ്യോഗാർഥി എത്തിയിരുന്നില്ല. ഈ ക്രമനമ്പർ സ്ഥാനത്താണ് ആരോപണ വിധേയയായ യുവതി പങ്കെടുക്കാൻ എത്തുകയായിരുന്നുവെന്നും കണ്ടെത്തി.
എന്നാൽ, തനിക്ക് ആശുപത്രിയിൽനിന്ന് ഇന്‍റർവ്യൂവിന് ഹാജരാകണമെന്ന് കാട്ടി കത്ത് ലഭിച്ചുവെന്ന വാദത്തിൽ യുവതി ഉറച്ചുനിൽക്കുകയാണ്. തുടർന്ന് ഇവർ പൊലീസിലും പരാതി നൽകുകയായിരുന്നു. യുവതിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ച് ഇന്‍റർവ്യൂവിൽ പങ്കെടുപ്പിച്ചതാണോ, അതോ ഇന്‍റർവ്യൂവിൽ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാർഥിയുടെ അനുമതിയോടെ സംഭവിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.