മോദി അനുകൂല പ്രസ്താവന: അബ്ദുല്ലക്കുട്ടിയോട് വിശദീകരണം തേടും -മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയിൽ എ.പി അബ്ദുല്ലക്കുട്ടിയോട് വിശദീകരണം തേടാൻ കെ.പി.സി.സി തീരുമാനിച്ചതായി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ കണ്ണൂർ ഡി.സി.സി രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ പരാജയപ്പെട്ടത് പരിശോധിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. സമിതി അംഗങ്ങളെ കെ.പി.സി.സി അധ്യക്ഷൻ തീരുമാനിക്കും. കെ.പി.സി.സി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
പ്രളയ സെസ് ചുമത്താനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല. ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണിത്. സംസ്ഥാന സർക്കാറിൻെറ പിടിപ്പുകേട് കൊണ്ടുണ്ടായ മനുഷ്യ നിർമിത പ്രളയമായിരുന്നു കേരളത്തിലുണ്ടായത്. അമിക്കസ്ക്യൂറിയും ശാസ്ത്രജ്ഞരും ഇതുതെന്നയാണ് ചൂണ്ടിക്കാട്ടിയത്. ദുരന്തത്തിന് പരിഹാരം കാണുകയോ ഇതുമായി ബന്ധപ്പെട്ട് എവിടെ നിന്നെല്ലാം പണം പിരിച്ചുവെന്ന് കണക്കുകൾ വെക്കുകയോ ചെയ്യാതെ പ്രളയ സെസ് ചുമത്താനെടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തിൽ കോൺഗ്രസിൻെറ നിലപാട് ജനങ്ങൾ പൂർണമായും അംഗീകരിച്ചുവെന്നതിൻെറ തെളിവായാണ് ജനവിധിയെ പാർട്ടി നോക്കിക്കാണുന്നത്. ബി.ജെ.പിയും ആർ.എസ്.എസും തങ്ങളെ വഞ്ചിച്ചുവെന്ന ബോധ്യം ഭൂരിപക്ഷ സമുദായത്തിൽപെട്ടവർക്ക് അൽപം വൈകിയിട്ടാണെങ്കിലും വന്നിട്ടുണ്ട്. ശബരിമല വിധിയിൽ പുനഃപരിശോധനാ ഹരജി നൽകണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് കോൺഗ്രസ് ആയിരുന്നു. ശബരിമല വിധിയുണ്ടായപ്പോൾ രണ്ട് തവണ പാർലമെൻറ് സമ്മേളിച്ചിട്ടുപോലും ഇതുസംബന്ധിച്ച് ഒരു നിയമനിർമാണം നടത്തുന്ന കാര്യത്തിൽ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഈ തെരഞ്ഞെടുപ്പിൽ ഫലം നിർണയിക്കുന്ന കാര്യത്തിൽ കൊലപാതക രാഷ്ട്രീയം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രണ്ട് കൊലപാതക കേസുകളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഓരാളെ തന്നെ വടകരയിൽ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയായാണ് കോൺഗ്രസ് വിലയിരുത്തുന്നത്. മുഖ്യമന്ത്രിയുടെ ധിക്കാരവും ധാർഷ്ട്യവും ജനങ്ങളുടെ പ്രതിഷേധം ഏറ്റുവാങ്ങിയിട്ടുണ്ട്. സംസ്ഥാന ഭരണകൂടത്തിനെതിരായ വിധിയെഴുത്ത് കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും പിണറായി വിജയൻ മുഖ്യമന്ത്രിപദം രാജി വെച്ചൊഴിയണമെന്നും കെ.പി.സി.സി പ്രസിഡൻറ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.