കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിന് പ്രൊബേഷൻ സമ്പ്രദായം ഫലപ്രദം- ഡോ. ബിന്ദു
text_fieldsതിരുവനന്തപുരം: കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിനും സാമൂഹിക പുനരധിവാസത്തിനും ഊന്നൽ നൽകി സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനുള്ള മികച്ച മാർഗമാണ് പ്രൊബേഷൻ സംവിധാനമെന്ന് ഉന്നത മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാനതല പ്രൊബേഷൻദിന പരിപാടിയുടെ ഉദ്ഘാടനം കേരള ലോ അക്കാദമി ഹാളിൽ ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി.
കുറ്റകൃത്യങ്ങളുടെ ആവർത്തനം തടയുന്നതിനും ജയിലുകൾ തടവുകാരെക്കൊണ്ട് തിങ്ങി നിറയുന്ന അവസ്ഥ ഒഴിവാക്കുന്നതിനും കുറ്റകൃത്യങ്ങൾ കുറഞ്ഞ സമൂഹം സൃഷ്ടിക്കുന്നതിനും പ്രൊബേഷൻ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നത് വഴി സാധിക്കും. സാമൂഹ്യ പ്രതിരോധ മേഖലയിൽ മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കിവരുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിന്റെ പ്രഥമ നിയമ മന്ത്രിയും പ്രഗൽഭനായ ന്യായാധിപനുമായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 പ്രൊബേഷൻ ദിനമായി സർക്കാർ ആചരിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യനീതി വകുപ്പ് പരിപാടി സംഘടിപ്പിച്ചത്.
വി കെ പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം പ്രഫ. മിനി സുകുമാർ, കേരള ലോ അക്കാദമി ഡയറക്ടർ പ്രഫ. കെ. അനിൽകുമാർ, ഡിപ്പാർട്ട്മെന്റ് ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ചീഫ് വെൽഫെയർ ഓഫീസർ കെ. ലക്ഷ്മി, സാമൂഹ്യനീതി ഡയറക്ടർ ജി. പ്രിയങ്ക, അഡീഷണൽ ഡയറക്ടർ എസ്. ജലജ തുടങ്ങിയവർ പങ്കെടുത്തു.
1958ലെ പ്രൊബേഷൻ ഓഫ് ഒഫന്റേഴ്സ് ആക്ട്, എന്ന വിഷയത്തിൽ കേരള നിയമസഭാ സെക്രട്ടറി ഡോ.എൻ. കൃഷ്ണകുമാർ, പ്രൊബേഷൻ സംവിധാനത്തിന്റെ സാമൂഹിക പ്രസക്തി എന്ന വിഷയത്തിൽ ഗവ. ലോ കോളജ് അസി. പ്രഫ. സഫി മോഹൻ, സാമൂഹ്യ പ്രതിരോധ മേഖലയിൽ നടപ്പിലാക്കുന്ന സർക്കാർ പദ്ധതികൾ എന്ന വിഷയത്തിൽ സാമൂഹ്യ നീതി ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ അഷ്‌റഫ് കാവിൽ എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.