വെടിയുണ്ടകൾ ചട്ടിയിലിട്ടു ചൂടാക്കി; പൊട്ടിത്തെറിയിൽ എസ്.ഐക്കെതിരെ അന്വേഷണം
text_fieldsകൊച്ചി: ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്ന വേളയിൽ ആകാശത്തേക്ക് വെടിയുതിർക്കുന്ന ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടർന്ന് പൊട്ടിത്തെറിച്ചു. ഈ മാസം പത്തിന് എറണാകുളം എ.ആർ ക്യാമ്പിന്റെ അടുക്കളയിലാണ് സംഭവം. ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്.ഐ സജീവിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടു.
ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്കാര ചടങ്ങുകൾക്കായി ഉണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വെയിലത്തുവെച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ ഗതിയിൽ ഇവ ഉപയോഗിക്കാറുള്ളത്. എന്നാൽ രാവിലെ ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ചൂടാക്കിയെടുക്കാൻ ചട്ടിയിലിടുകയായിരുന്നു എന്നാണ് വിവരം. ക്യാമ്പ് മെസ്സിലെ അടുക്കളയിലെത്തിച്ചാണ് ഇങ്ങനെ ചെയ്തത്.
പിച്ചള കാട്രിഡ്ജിനുള്ളിൽ വെടിമരുന്ന് നിറച്ചാണ് ബ്ലാങ്ക് അമ്യൂണിഷനും തയാറാക്കുന്നത്. എന്നാൽ ബുള്ളറ്റ് ഉണ്ടായിരിക്കില്ല. വെടിയുതിർക്കുമ്പോൾ തീയും ശബ്ദവും മാത്രമേ ഉണ്ടാകുകയുള്ളൂ. ചട്ടി ചൂടായതോടെ വെടിമരുന്നിന് തീപിടിച്ച് ഉണ്ടകൾ പൊട്ടിത്തെറിച്ചു. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ സൂക്ഷിച്ച അടുക്കളയിൽ തലനാരിഴക്കാണ് വൻ തീപിടിത്തം ഒഴിവായത്. ഗുരുതര സുരക്ഷാ വീഴ്ചയായാണ് സംഭവത്തെ മേലുദ്യോഗസ്ഥർ വിലയിരുത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.