വേഗ റെയിലിന് ഡൽഹി കടമ്പ
text_fieldsന്യൂഡൽഹി: കേരള സർക്കാർ റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ച തിരുവനന്തപുരം കാസർകോട് സിൽവർ ലൈൻ (കെ റെയിൽ ) പദ്ധതിയുടെ അനുമതി എളുപ്പത്തിൽ നൽകാനാവില്ലെന്ന് റെയിൽവേ ബോർഡ്. വിവിധ തലങ്ങളിൽ അവലോകനം നടക്കേണ്ടതുണ്ട്. സാങ്കേതിക വശങ്ങളും പരിശോധിക്കണം.
നിർദിഷ്ട സിൽവർലൈൻ പദ്ധതി അനുമതി ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറി വി.പി. ജോയിയും മറ്റു ഉദ്യോഗസ്ഥരും റെയിൽവേ ബോർഡ് ചെയർമാനെ കണ്ടിരുന്നു. അവർ നൽകിയ വിശദാംശങ്ങൾ റെയിൽവേ ബോർഡ് പരിശോധിച്ചുവരുകയാണെന്ന് ബോർഡ് ചെയർമാൻ സുനീത് ശർമ പാർലമെൻറിെൻറ റെയിൽവേ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ വിശദീകരിച്ചു. സമിതിയിൽ അംഗമായ കൊടിക്കുന്നിൽ സുരേഷാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്.
തിരൂർ മുതൽ കാസർകോട് വരെ നിലവിലെ റെയിൽപാതക്ക് സമീപത്തുകൂടിയാണ് സിൽവർ ലൈൻ റെയിൽപാത നിർമിക്കാനുള്ള പദ്ധതി. ഇത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും റെയിൽവേ ബോർഡ് ചെയർമാൻ വ്യക്തമാക്കി. സിൽവർ ലൈൻ റെയിൽ പദ്ധതിയെക്കാൾ കേരളത്തിന് ഇപ്പോൾ ആവശ്യം നിലവിലെ റെയിൽ പാത ഇരട്ടിപ്പിക്കാനുള്ള പദ്ധതികളുടെ സമയബന്ധിത പൂർത്തീകരണമാണെന്ന് കൊടിക്കുന്നിൽ സുരേഷ് ബോർഡ് ചെയർമാന് നൽകിയ കത്തിൽ പറഞ്ഞു.
അതിനൊപ്പം തിരുവനന്തപുരം-കാസർകോട് സമാന്തര റെയിൽ പാത പരിഗണിക്കണം. നവീകരിച്ച സിഗ്നൽ സംവിധാനത്തോടുകൂടിയുള്ള ശേഷിവർധനവും നടക്കണം.
ഈ വിഷയത്തിൽ കേരളത്തിലെ എം.പി മാരുടെ യോഗം വിളിക്കുകയും അവരുടെ അഭിപ്രായം തേടുകയും വേണം. ആയിരങ്ങളുടെ കിടപ്പാടവും ഭൂമിയും ഒഴിപ്പിക്കേണ്ടി വരും. നിയമക്കുരുക്കുകളിൽ പെട്ടും സ്ഥലമേറ്റെടുപ്പിൽ ഉണ്ടാകാവുന്ന കാലവിളംബം കൊണ്ടും പദ്ധതിത്തുക ഇരട്ടി കടക്കാനുള്ള സാധ്യതയേറെ. കേരളം പോലെ ജനസാന്ദ്രതയേറിയ, പട്ടണ ശൃംഖലയായ സംസ്ഥാനത്ത് ഭീമ സംഖ്യ ചെലവിട്ട് നിർമിക്കുന്ന, പരിമിത സ്റ്റേഷനുകൾ മാത്രമുള്ള സിൽവർ ലൈൻ പദ്ധതിയെക്കാൾ പ്രയോജനം എല്ലാ സ്റ്റേഷനുകളെയും കൂട്ടിയിണക്കുന്ന സബർബൻ ട്രെയിൻ പദ്ധതിയാണ്.
ഇപ്പോൾതെന്ന കടുത്ത കടക്കെണിയിലായ സംസ്ഥാനത്തിന് താങ്ങാൻ കഴിയാത്ത പദ്ധതിയാണിത്. കേന്ദ്രസർക്കാർ പദ്ധതിക്ക് അനുമതി നൽകരുത്. കായംകുളം-ആലപ്പുഴ-എറണാകുളം റെയിൽപ്പാതയുടെ ഇരട്ടിപ്പിക്കൽ, കോട്ടയം കുറുപ്പുന്തറ ഇരട്ടിപ്പിക്കൽ, തിരുവനന്തപുരം-കാസർകോട് ഇരട്ടിപ്പിക്കൽ എന്നിവയും , കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലെ വൈദ്യുതീകരണവും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.