സി.പി.ഐയിലെ പടലപ്പിണക്കം; നേതാക്കൾ ഐ.എൻ.ടി.യു.സിയിൽ, ദേവികുളം ബ്ലോക്കിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടേക്കും
text_fieldsആനന്ദറാണി ദാസ്, പ്രവീൺ
ജോസ്
മൂന്നാർ: സി.പി.ഐ നേതൃത്വവുമായി ഇടഞ്ഞ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസും ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പ്രവീൺ ജോസും ഐ.എൻ.ടി.യു.സിയിൽ ചേർന്നു. യു.ഡി.എഫിന് പിന്തുണ അറിയിച്ച് ഇവർ എത്തിയതോടെ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടാനുള്ള സാധ്യത ഏറി.
എൽ.ഡി.എഫിലെ ധാരണപ്രകാരം പ്രസിഡന്റും സി.പി.എമ്മിൽനിന്നുള്ള വൈസ് പ്രസിഡന്റും ഡിസംബറിൽ സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ, സി.പി.ഐ നേതാവ് പി. പളനിവേലിന്റെ മകളും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗവുമായ ജയലക്ഷ്മിയെ പ്രസിഡന്റാക്കാൻ ആനന്ദറാണിക്ക് മേൽ രാജിക്ക് സമ്മർദം ഉണ്ടായിരുന്നതായി പറയുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് ആനന്ദറാണി ദാസും ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ സി.പി.ഐയിലെ പ്രവീൺ ജോസും ഐ.എൻ.ടി.യു.സിയിൽ ചേർന്നത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നാറിൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.കെ. മണിയുടെ സാന്നിധ്യത്തിൽ ഐ.എൻ.ടി.യു.സി ഓഫിസിൽ എത്തിയാണ് ഇരുവരും യൂനിയൻ അംഗത്വം സ്വീകരിച്ചത്. ഇതോടെ 13 അംഗ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ സി.പി.ഐക്ക് മൂന്നും സി.പി.എമ്മിന് മൂന്നും ഉൾപ്പെടെ എൽ.ഡി.എഫ് അംഗസംഖ്യ ആറായി. അഞ്ച് അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിന് കൂറുമാറി വന്നവരുടേത് ഉൾപ്പെടെ ഏഴുപേരുടെ പിന്തുണയായി.
25 വർഷമായി സി.പി.ഐയിൽ സജീവമായിരുന്ന ആനന്ദറാണി എ.ഐ.ടി.യു.സിയുടെയും മഹിളാ സംഘത്തിന്റെയും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനംവരെ വഹിച്ചിട്ടുണ്ട്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പി. പളനിവേലിന്റെ മകൾ ജയലക്ഷ്മി മത്സരിക്കുന്ന സമയത്ത് പാർട്ടി അംഗം പോലുമായിരുന്നില്ലെന്ന് ആനന്ദറാണി പറയുന്നു. പിന്നീട് ചട്ടങ്ങൾ മറികടന്ന് ഇവരെ മണ്ഡലം കമ്മിറ്റി അംഗം ആക്കിയതായും കുറ്റപ്പെടുത്തി.ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. വിജയകുമാർ, മണ്ഡലം പ്രസിഡന്റ് സിന്ത മൊയ്തീൻ എന്നിവരും അംഗത്വ വിതരണ ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.