മാണി സി. കാപ്പനെ കടന്നാക്രമിച്ച് ജോസ് വിഭാഗം
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മറനീക്കിയ പാലായിലെ എൻ.സി.പി -ജോസ് കെ. മാണി ഭിന്നത പരസ്യപ്പോരിലേക്ക്. ഇരുകൂട്ടരും നേരിട്ട് ഏറ്റുമുട്ടിയത് പാലായിൽ എൽ.ഡി.എഫിൽ വൻപ്രതിസന്ധിയായിരിക്കുകയാണ്. ഇതോടെ മാണി സി. കാപ്പൻ എം.എൽ.എയുടെ നേതൃത്വത്തിൽ എൻ.സി.പിയിൽ ഒരുവിഭാഗം യു.ഡി.എഫിലേക്ക് കൂടുമാറുമെന്ന ചർച്ചകളും സജീവമാണ്.
കാപ്പൻ പ്രചാരണരംഗത്ത് സജീവമായിരുന്നോയെന്ന് പരിശോധിക്കണമെന്ന് ജോസ് ആവശ്യപ്പെട്ടതിനുപിന്നാലെ, അദ്ദേഹത്തിെൻറ വിശ്വസ്തൻ ജോസ് ടോമും കാപ്പനെതിരെ ആഞ്ഞടിച്ചു. കാപ്പന് പാലായില്‍ രാഷ്ട്രീയ അടിത്തറയില്ലെന്ന് പറഞ്ഞ ജോസ് ടോം, യു.ഡി.എഫിനുവേണ്ടി വോട്ട് മറിക്കാനോ കേരള കോണ്‍ഗ്രസിെൻറ സീറ്റുകള്‍ കുറക്കാനോ അദ്ദേഹത്തിന് പ്രാപ്തിയില്ലെന്നും വിമർശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കാപ്പെൻറ അടുപ്പക്കാര്‍ യു.ഡി.എഫ് സ്ഥാനാർഥികള്‍ക്ക് ഒപ്പമാണുണ്ടായിരുന്നത്. കാപ്പന് യു.ഡി.എഫിലെത്തി പാലായില്‍ മത്സരിച്ചാലും എൽ.ഡി.എഫിന് ജയിക്കാനാകും. എൽ.ഡി.എഫ്, കേരള കോണ്‍ഗ്രസ് എം വോട്ടുകൾ ചേര്‍ന്നാല്‍ ഇടത് സ്ഥാനാർഥിക്ക് വിജയം സുനിശ്ചിതമാണെന്ന് ജോസ് ടോം അവകാശപ്പെട്ടു. കേരള കോണ്‍ഗ്രസ് തന്നെയാകും പാലായില്‍ മത്സരിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ അസാന്നിധ്യവും മൂന്ന് തവണ മത്സരിച്ച് തോറ്റ സ്ഥാനാർഥി എന്ന നിലയിലുള്ള സഹതാപവുമാണ് കാപ്പനെ തുണച്ചത്. ഒപ്പംനിന്ന ചിലർ ബോധപൂര്‍വം യു.ഡി.എഫിനെ കാലുവാരുകയും ചെയ്തു. എക്കാലവും അത് ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടായി പാർട്ടി ഇടതുമുന്നണിയുടെ ഭാഗമാണെന്നും കാപ്പെൻറ ഇടത്നിലപാട് നേരം ഇരുട്ടിവെളുത്തപ്പോൾ ആരംഭിച്ചതല്ലെന്നുമായിരുന്നു ഇതിന് എൻ.സി.പിയുടെ തിരിച്ചടി.
പാലാ സീറ്റിനെചൊല്ലി ജോസ് കെ. മാണിയുടെ മുന്നണിപ്രവേശനഘട്ടത്തിലും ഇരുവരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇരുകൂട്ടരും പാലാ സീറ്റിൽ നോട്ടമിടുന്നതാണ് തർക്കത്തിനിടയാക്കുന്നത്. പാലാ വിട്ടുകൊടുക്കിെല്ലന്ന് കാപ്പൻ ആവർത്തിക്കുേമ്പാൾ, എൽ.ഡി.എഫിൽനിന്ന് ഉറപ്പ് ലഭിച്ചതായാണ് ജോസ് വിഭാഗം വ്യക്തമാക്കുന്നത്. പാലാ സീറ്റ് നഷ്ടമാകുമെന്നഘട്ടം വന്നാൽ കാപ്പൻ യു.ഡി.എഫിലേക്ക് ചേക്കേറുമെന്നാണ് സൂചന.
അതിനിടെ, ഡൽഹിയിലെ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എൻ.സി.പി ചൊവ്വാഴ്ച പാലായിൽ ഒറ്റക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ഞായറാഴ്ച എൻ.സി.പി നേതാവും മുൻമന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ ഒന്നാംചരമവാർഷികം ഉദ്ഘാടനം ചെയ്യുന്നത് ഉമ്മൻ ചാണ്ടിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.