എം.എസ്.എഫ് ജന. സെക്രട്ടറിയെ നീക്കി; ലീഗ് നേതൃത്വത്തിനെതിരെ ഭാരവാഹികൾ
text_fieldsകോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി ലത്തീഫ് തുറയൂരിനെ മുസ്ലിം ലീഗ് നേതൃത്വം തൽസ്ഥാനത്തുനിന്ന് നീക്കി. പാർട്ടി പത്രത്തിൽ നൽകിയ വാർത്തയിലൂടെയാണ് നടപടിയെടുത്ത കാര്യം നേതൃത്വം പുറത്തുവിട്ടത്. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടിക്ക് പകരം ചുമതല നൽകിയതായി മുസ്ലിം സംസ്ഥാന കമ്മിറ്റി ഓഫിസിൽനിന്ന് അറിയിച്ചതായാണ് പത്രവാർത്ത. ഹരിത വിഷയത്തിൽ നടപടിക്കു വിധേയരായ മുൻഭാരവാഹികളെ പിന്തുണച്ചതാണ് നടപടിക്ക് കാരണമെന്നാണ് സൂചന. യൂത്ത്ലീഗിന്റെയും മുസ്ലിം ലീഗിന്റെയും സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ലത്തീഫ്.
തന്നെ അറിയിക്കാതെ നാഥനില്ലാത്ത വാർത്തയിലൂടെ നടപടി സ്വീകരിച്ചതിനെതിരെ ലത്തീഫ് തുറയൂരും എം.എസ്.എഫ് ഭാരവാഹികളും ലീഗ് നേതൃത്വത്തിനെതിരെ രംഗത്തെത്തി. ആരാണ് പുറത്താക്കിയതെന്നും എന്തിനാണ് പുറത്താക്കിയതെന്നും പറയാത്ത പത്രക്കുറിപ്പ് സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമാണെന്നും ലത്തീഫ് തുറയൂർ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.എം. ഫവാസ്, എം.എസ്.എഫ് ടെക്ഫെഡ് സംസ്ഥാന ചെയർമാൻ കെ.വി. ഹുദൈഫ് എന്നിവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. വിശദീകരണം ചോദിക്കുകയോ നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്യാതെയാണ് ജന. സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതായി അറിയിച്ചിരിക്കുന്നത്. ആര് മാറ്റിയെന്ന് പറയാൻ പോലും ധൈര്യപ്പെടാത്തവരാണോ പാർട്ടിയെ നയിക്കുന്നത്? അഞ്ചംഗ ഉപദേശക സമിതിയുടെ ശിപാർശപ്രകാരമാണ് നടപടിയെന്ന് പറയുന്നു.
ഇങ്ങനെയൊരു സമിതി നിലവിലുള്ളതായി അറിവില്ല. ഹരിതയിലെ പെൺകുട്ടികളുടെ അഭിമാനകരമായ അസ്തിത്വം സംരക്ഷിക്കാൻ ശ്രമിച്ചതിനാണോ നടപടിയെന്ന് വ്യക്തമാക്കണം. ഹരിത വിഷയത്തിൽ വിവാദ യോഗത്തിന്റെ മിനിറ്റ്സ് ലീഗ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നു. ഈ മിനിറ്റ്സ് ഹാജരാക്കാത്തതിന് പൊലീസ് നടപടി നേരിടുകയാണ് ലത്തീഫ്. മിനിറ്റ്സിൽ കൃത്രിമം കാണിച്ചാൽ ശരിയായ പകർപ്പ് പുറത്തുവിടുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.