മൺപാത്ര നിർമാണ മേഖലയിൽ പ്രതിസന്ധി; വറുതിച്ചട്ടിയിൽ തൊഴിലാളികൾ
text_fieldsവളാഞ്ചേരി: മണ്ണിന്റെ ലഭ്യതക്കുറവും വരുമാനക്കുറവും മൂലം മൺ പാത്രനിർമാണ മേഖല പ്രതിസന്ധിയിൽ. ഒരുകാലത്ത് ഒട്ടനവധി പേരുടെ തൊഴിലിടങ്ങളായിരുന്നു മൺപാത്ര നിർമാണ ശാലകൾ. മണ്ണിന്റെ ലഭ്യതക്കുറവും ജിയോളജി പാസ് ലഭിക്കാനുള്ള സങ്കീർണ നിയമങ്ങളും ഉദ്യോഗസ്ഥരുടെ കടുത്ത നിയന്ത്രണങ്ങളുമെല്ലാം ഈകുടിൽ വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി.
വളാഞ്ചേരി മേഖലയിലെ മങ്കേരി, മേച്ചേരിപറമ്പ്, പുറമണ്ണൂർ, ഇരിമ്പിളിയം, കൊട്ടാരം ഭാഗങ്ങളിലായി ഏകദേശം നൂറോളം കുടുംബങ്ങൾ മൺപാത്ര നിർമാണ പ്രവർത്തനങ്ങളിലേർപ്പെട്ടാണ് ഉപജീവനം നടത്തുന്നത്. കുംഭാരന്മാർ എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഇവർ ഒ.ഇ.സി വിഭാഗക്കാരാണ്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി ഉൾപ്പെടെ കുറഞ്ഞ സ്ഥലങ്ങളിൽനിന്നും മാത്രം ലഭിക്കുന്ന അലുമിനിയം സിലിക്കേറ്റ് കലർന്ന കളിമൺ മണ്ണിന്റെ ലഭ്യതക്കുറവും അവ എത്തിക്കുന്നതിന് പാലിക്കേണ്ട നിയമനടപടിക്രമങ്ങളുടെ നൂലാമാലകളുമെല്ലാം ഈ വ്യവസായത്തിന്റെ തകർച്ചക്ക് കാരണമായതായി തൊഴിലാളികൾ പറയുന്നു. ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരി ഭാഗത്ത് കളിമണ്ണ് സുലഭമാണെങ്കിലും നെൽകൃഷിയെ ബാധിക്കുമെന്നതിനാൽ അധികൃതർ മണ്ണെടുപ്പ് നിരോധിച്ചിരിക്കുകയാണ്.
വരുമാനക്കുറവും ജോലി ഭാരക്കൂടുതലും കാരണം പുതുതലമുറയെ മൺപാത്ര നിർമാണ മേഖലയിലേക്ക് ആകർഷിക്കുന്നുമില്ല. ഈ കുടിൽ വ്യവസായത്തിന്റെ വളർച്ചക്ക് സാമ്പത്തിക സഹായങ്ങളും മൺപാത്ര നിർമാണ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ രീതിയിലുള്ള സഹായങ്ങളും സർക്കാറിൽനിന്നോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ ലഭിക്കണമെന്നാവശ്യവും ശക്തമാണ്.
പലപ്പോഴും ഈ തൊഴിൽ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഈ കുടിൽ വ്യവസായത്തിന്റെ സാധ്യതകളെ കുറിച്ചും കുലത്തൊഴിലിന്റെ നൈപുണ്യതയെ കുറിച്ചും പഠിക്കാനായി നിരവധി വിദ്യാർഥികൾ ഇവരുടെ കുടിൽ വ്യവസായ ശാലയിലെത്തുന്നുണ്ട്.
ഭക്ഷണം പാകം ചെയ്യുന്നതിന് മൺപാത്രങ്ങൾ വാങ്ങാൻ ഒരുവിഭാഗം താൽപര്യം കാണിക്കുന്നുണ്ടെങ്കിലും കൈകാര്യം ചെയ്യുന്നതിലെ പ്രയാസം കാരണം വലിയൊരുവിഭാഗം ഇപ്പോഴും ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ പാത്രങ്ങളെയാണ് ആശ്രയിക്കുന്നത്. കുലത്തൊഴിൽ സംരക്ഷിക്കാനാവശ്യമായ നടപടിക്രമങ്ങളും സാമ്പത്തിക സഹായവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ഐ.എൻ.ടി.യു.സി ജില്ല ട്രഷറർ ബാവ മാസ്റ്റർ കളിയത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.