നോക്കാം ഫയൽ കൈയേറ്റക്കാർക്കും; ഇത് കൊട്ടക്കാമ്പൂർ വില്ലേജ് ഒാഫിസ്
text_fieldsതൊടുപുഴ: ഇടുക്കി എം.പി ജോയ്സ് ജോർജിന് വിവാദ പട്ടയം കിട്ടിയത് ആഴ്ചയിൽ രണ്ടുദിവസം ഉദ്യോഗസ്ഥരില്ലാതെ തുറന്നിടുന്ന കൊട്ടാക്കാമ്പൂർ വില്ലേജ് ഒാഫിസിൽ നിന്ന്. എം.പിയുടെ പട്ടയ രേഖകൾ ഇതേ ഒാഫിസിൽ കാണാനില്ലെന്നാണ് പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് മന്ത്രി എം.എം. മണി വെളിപ്പെടുത്തിയിരിക്കുന്നത്. കൊട്ടക്കാമ്പൂരിന് പുറമെ തൊട്ടുചേർന്ന് കിടക്കുന്ന വട്ടവട വില്ലേജ് ഒാഫിസും ശനി, തിങ്കൾ ദിവസങ്ങളിൽ ഇങ്ങനെയാണ് ‘പ്രവർത്തനം’.
ഭൂരേഖകൾ കാണാതാകുന്നതും തിരുത്തൽ വരുത്തുന്നതുമടക്കം കൃത്രിമ നടപടികൾ വില്ലേജ് ഒാഫിസുകൾ കേന്ദ്രീകരിച്ച് നടക്കുന്നുവെന്ന് വ്യാപക പരാതി നിലനിൽക്കെ ഇതിന് അവസരമുണ്ടെന്നതിന് തെളിവായി ഉദ്യോഗസ്ഥരില്ലാതെ തുറന്ന് കിടക്കുന്ന വട്ടവട, കൊട്ടക്കാമ്പൂർ വിേല്ലജ് ഒാഫിസുകൾ. ആർക്കും ഏത് രേഖകളും എടുത്തുകൊണ്ടുപോവുകയോ തിരുത്തൽ വരുത്തുകയോ ചെയ്യാവുന്ന സാഹചര്യമാണ് ഇതുമൂലമുള്ളത്. വെള്ളിയാഴ്ചകളിൽ ഒാഫിസ് വിടുന്ന ഉദ്യോഗസ്ഥർ, ചൊവ്വാഴ്ച ഉച്ചക്കേ മടങ്ങിയെത്തൂ. അതിനിടയിൽ വരുന്ന ദിവസങ്ങളിൽ തൂപ്പുകാരിയെത്തി ഒാഫിസ് തുറന്നിടും.
അഞ്ചുമണിക്കെത്തി പൂട്ടുകയും ചെയ്യും. പകൽ മുഴുവൻ ജീവനക്കാരില്ലാതെ തുറന്നുകിടക്കുന്ന ഒാഫിസിൽ എന്തു നടക്കുന്നുവെന്നറിയാൻ തൂപ്പുകാരി പോലുമുണ്ടാകില്ല, സ്ഥലത്ത്. ഇൗ സമയം ഒാഫിസിൽ ആരൊക്കെ കയറിയിറങ്ങിയാലും ഫയലുകൾ നഷ്ടമായാലും അറിയില്ല. പിന്നിട്ട ശനിയാഴ്ചയും കഴിഞ്ഞ തിങ്കളാഴ്ചയും ഇൗ സ്ഥിതിക്ക് മാറ്റമുണ്ടായില്ല. വിവിധ ആവശ്യങ്ങൾക്ക് വരുന്നവർക്ക് മറുപടി നൽകാൻപോലും ആരും ഉണ്ടാകാറില്ല.
സർക്കാർ തരിശുഭൂമിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ് കലക്ടർ എം.പിയുടെ അടക്കം 25.45 ഏക്കർ ഭൂമിയുടെ പട്ടയം കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ഇത് സർക്കാർ ഭൂമിയല്ലെന്നാണ് പട്ടയം ഉടമകളുടെ വാദം. പട്ടയം നൽകിയത് ഭൂപതിവ് കമ്മിറ്റി ചേർന്നല്ലെന്നത് സംബന്ധിച്ചും തർക്കം ഉന്നയിക്കുന്നു. ഇതെല്ലാം രേഖകളുടെ പിൻബലത്തിൽ തെളിയക്കപ്പെടേണ്ടതാണ്. രേഖകൾ കാണാനില്ലെന്ന് മന്ത്രി തുറന്നടിച്ചിരിക്കെ ഒരേസമയം, വിവാദ പട്ടയം ഉടമകളും വില്ലേജ് ഉദ്യോഗസ്ഥരുമാണ് പ്രതിക്കൂട്ടിലാകുന്നത്. പട്ടയം റദ്ദാക്കലിന് സാധുതയില്ലെന്ന് എം.പിയടക്കമുള്ളവർ വാദിക്കുന്നതിനിടെ മന്ത്രിയുടെ വെളിപ്പെടുത്തൽ ദുരൂഹതയും സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.