വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ ഭിന്നത രൂക്ഷമാകുന്നു
text_fieldsപാലക്കാട്: വ്യാപാരികളുടെ സംഘടനയായ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞദിവസം മണ്ണാർക്കാട് യൂനിറ്റ് യോഗത്തിൽ പങ്കെടുത്തില്ലെന്നാരോപിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ജോബി വി. ചുങ്കത്തിനെ സംഘടനയിൽനിന്ന് പുറത്താക്കിയതായും പാലക്കാട് ജില്ല കമ്മിറ്റിയെ സസ്പെൻറ് ചെയ്തതായും പ്രസിഡൻറ് ടി. നസ്റുദ്ദീൻ അറിയിച്ചിരുന്നു.
എന്നാൽ, രേഖമൂലം തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ മാർച്ചിൽ താൻ നൽകിയ രാജിക്കത്താണ് ഇപ്പോൾ പ്രസിഡൻറ് പ്രചരിപ്പിപ്പിക്കുന്നതെന്നും ജോബി വാർത്തസമ്മേളനത്തിൽ അറിയിച്ചു. നോട്ടുനിരോധന കാലത്ത് സംഘടനയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജി കത്ത് നൽകിയിരുന്നു. എന്നാൽ, സെക്രേട്ടറിയറ്റ് സ്വീകരിക്കാത്തതിനാൽ കത്ത് പിൻവലിച്ചു. അതാണ് ഇപ്പോൾ പ്രസിഡൻറ് പ്രചരിപ്പിക്കുന്നതെന്നും ജോബി പറഞ്ഞു. ഏകാധിപത്യ ശൈലിയിലാണ് പ്രസിഡൻറിെൻറ തീരുമാനങ്ങൾ. എതിർവാദമുന്നയിക്കുന്നവരെ ഇല്ലാതാക്കുന്നതാണ് ശൈലിയെന്നും ജോബി ആരോപിച്ചു.
സെക്രേട്ടറിയറ്റിെൻറയും പ്രസിഡൻറിെൻറയും നിർദേശ പ്രകാരമാണ് മണ്ണാർക്കാട് യൂനിറ്റ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നത്. ജില്ലയിലെ വല്ലപ്പുഴ, മണ്ണാർക്കാട്, എടത്തനാട്ടുകര, അലനല്ലൂർ, മുടപ്പല്ലൂർ യൂനിറ്റുകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികളുണ്ടെന്നും അത് പരിഹരിച്ചതിന് ശേഷമേ യൂനിറ്റ് യോഗവും തെരഞ്ഞെടുപ്പും നടത്താവൂവെന്നും പ്രസിഡൻറ് രേഖമൂലം അറിയിച്ചിരുന്നു. പിന്നീട് ജില്ല കമ്മിറ്റിയുടെ അറിവില്ലാതെയാണ് മണ്ണാർക്കാട് യൂനിറ്റ് യോഗം ചേർന്നത്. വെള്ളിയാഴ്ച നടക്കുന്ന ജില്ല യോഗവും ജില്ല കമ്മിറ്റിയെ അറിയിച്ചിട്ടില്ല. സംഘടന നിയമങ്ങൾക്ക് വിരുദ്ധമായിട്ടാണ് ജില്ലയിൽ യോഗങ്ങൾ നടക്കുന്നത്. തന്നെ പുറത്താക്കിയതിന് പിന്നിൽ വ്യക്തി താൽപര്യങ്ങളാണെന്നും സ്വാർഥ താൽപര്യങ്ങളില്ലാതെ സംഘടനയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടന തെരഞ്ഞെടുപ്പിന് ഒരുമാസം ശേഷിക്കെയാണ് പുതിയ വിവാദങ്ങൾ. കോള ഉൽപന്ന ബഹിഷ്കരണം, നോട്ടുനിരോധന കാലത്തെ സമര പ്രഖ്യാപനം തുടങ്ങിയ വിഷയങ്ങളിൽ സംഘടനക്കകത്തെ രൂക്ഷമായ ഭിന്നതയാണ് പുതിയ വിവാദങ്ങൾക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.