സംഭരണം ആരംഭിച്ചില്ല; കൊയ്ത നെല്ല് മുളച്ചുതുടങ്ങി
text_fieldsകൊല്ലങ്കോട്: മഴമൂലം സംഭരണം വൈകുന്നതിനാൽ കൊയ്ത നെല്ല് മുളച്ചുതുടങ്ങി. സൂക്ഷിക്കാനും ഉണക്കാനും സ്ഥലമില്ലാതെ കർഷകർ വലയുന്നു. കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, പുതുനഗരം, പെരുവെമ്പ് എന്നീ പഞ്ചായത്തുകളിലാണ് ഒന്നാംവിള കൊയ്ത്ത് നടന്നുവരുന്നത്. നെല്ല് സംഭരണം ആരംഭിക്കാത്തതിനാൽ സൂക്ഷിച്ചു വെച്ച നെല്ല് മുളച്ചു. കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തിൽ മാത്രം 60 ടണ്ണിലധികം നെല്ലാണ് മുളച്ചത്. യന്ത്രക്കൊയ്ത്ത് കഴിഞ്ഞ് ഉണക്കി സൂക്ഷിച്ച, ചെറുകിട കർഷകർ കൊയ്ത നെല്ലാണ് ഏറ്റവും കൂടുതൽ മുളച്ചത്.
നെല്ല് സംഭരിക്കുന്ന മില്ലുകൾക്ക് പല പ്രദേശങ്ങളിലും സിവിൽ സപ്ലൈസ് അനുവാദം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കൊല്ലങ്കോട് മതക്കോട് പാടശേഖര സമിതിയിലെ കർഷകൻ രതീഷ് കുന്നത്ത് പറഞ്ഞു.
നെല്ല് സംഭരണത്തിൽ മെല്ലെപ്പോക്ക് മൂലം കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാനാകാതെ ചെറുകിട കർഷകർ മറ്റു കർഷകരുടെ കളപ്പുരകളിലും പാടശേഖരങ്ങൾക്കു സമീപ സ്ഥലങ്ങളിലും സൂക്ഷിക്കേണ്ട അവസ്ഥയാണ്. പന്നികളുടെ ശല്യം മൂലം തുറന്ന പ്രദേശത്ത് നെല്ല് സൂക്ഷിക്കുന്നതും പ്രതിസന്ധിയിലായി. വീടിലെ മുറികൾക്കകത്ത് സൂക്ഷിച്ച നെല്ലാണ് ഏറ്റവും കൂടുതൽ മുളച്ചത്. സിവിൽ സപ്ലൈസ് നെല്ല് സംഭരണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ നെല്ല് മുളക്കാനും കർഷകർ കടക്കെണിയിലാകാനും സാധ്യതയുണ്ടെന്ന് പുതുനഗരത്തിലെ കർഷകർ പറയുന്നു.
നെല്ല് സൂക്ഷിക്കുന്നതിലെ പ്രയാസങ്ങൾ ചൂഷണം ചെയ്ത് ചെറുകിട കർഷകരിൽനിന്ന് കിലോ നെല്ലിന് 16--18 രൂപയെന്ന തോതിൽ തുച്ഛമായ വിലക്ക് നെല്ല് വാങ്ങുന്നവരും സജീവമാണ്. മുളക്കുന്നത് വർധിച്ചതിനാൽ പൊതുവിപണിയിൽ വിറ്റഴിക്കേണ്ട സാഹചര്യമുണ്ടാക്കിയതായി മുതലമടയിലെ കർഷകർ പറയുന്നു. സാമ്പത്തിക പ്രതിസന്ധി വർധിച്ച കർഷകരിൽനിന്ന് സർക്കാർ അടിയന്തരമായി നെല്ല് സംഭരിക്കണമെന്നാണ് കൊല്ലങ്കോട്ടിലെ കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.