സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി
text_fieldsകൊച്ചി: നിർമാതാക്കളുടെ സംഘടനയിൽനിന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘടനക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ അംഗങ്ങളെ മോശക്കാരാക്കിയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.
സാന്ദ്രക്കെതിരെ മുഖ്യമന്ത്രിക്ക് കത്തും നൽകിയിട്ടുണ്ട്. അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
സംഘടനയിലെ ചില അംഗങ്ങൾ വ്യക്തിപരമായി അവഹേളിച്ചതിൽ നടപടി ആവശ്യപ്പെട്ട് സംഘടനക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചുവെന്നതടക്കമുള്ള കാര്യങ്ങളാണ് ഇതിൽ ചൂണ്ടിക്കാട്ടിയത്.
നടപടികളുണ്ടാകാത്തതിനെത്തുടർന്ന് സംഘടനയെ വിമർശിച്ച് കത്തയച്ചു. ഇത് പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തായി. നിർമാണ മേഖല സ്ത്രീവിരുദ്ധമാണെന്നും സംഘടനയിൽ പവര് ഗ്രൂപ് ശക്തമാണെന്നുമടക്കമുള്ള കാര്യങ്ങൾ സാന്ദ്ര ആരോപിക്കുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു.
ഗൂഢാലോചനയുടെ ഭാഗമെന്ന് സാന്ദ്ര
കൊച്ചി: നിർമാതാക്കളുടെ സംഘടനയിൽനിന്ന് പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സാന്ദ്ര തോമസ്. സംഘടനയിലെ അംഗങ്ങൾക്കെതിരെ നൽകിയ കേസുമായി മുന്നോട്ടുപോകുമെന്നും എത്ര മൂടിെവച്ചാലും സത്യം പുറത്തുവരുകതന്നെ ചെയ്യുമെന്നും അവർ പറഞ്ഞു.
താൻ ആർക്കെതിരെയാണോ കേസ് കൊടുത്തത് അവരും സിനിമയിലെ പവർ ഗ്രൂപ്പും ചേർന്നാണ് തന്നെ പുറത്താക്കിയത്. ഇതുപോലൊരു പ്രശ്നം ഇനിയുണ്ടാകരുത് എന്ന് കരുതിയാണ്, മറ്റ് സ്ത്രീകളുടെ കൂടെ നിന്ന് പോരാടാൻ തീരുമാനിച്ചത്. കേസുമായി മുന്നോട്ട് വരുന്ന പല സ്ത്രീകളും ഇതേ അവസ്ഥയിലൂടെ കടന്നുപോകും എന്നുറപ്പാണെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.