ഉൽപാദനം 295 കോടി ലിറ്റർ വെള്ളം; പാഴാകുന്നത് 132 കോടിയും
text_fieldsതിരുവനന്തപുരം: നഷ്ടക്കണക്കുകൾ ഉപഭോക്താക്കളുടെ തലയിൽ കെട്ടിയേൽപ്പിക്കുന്ന ജല അതോറിറ്റി സ്വന്തം കൈവെള്ളയിലെ ചോർച്ചക്ക് നേരെ കണ്ണടക്കുന്നു. അതോറിറ്റി പ്രതിദിനം ഉൽപാദിപ്പിക്കുന്ന വെള്ളത്തിന്‍റെ 40-45 ശതമാനവും കണക്കിൽപ്പെടാതെയും വരുമാനമില്ലാതെയും നഷ്ടപ്പെടുന്നെന്നാണ് ജലവകുപ്പിന്‍റെ കണ്ടെത്തൽ. ശരാശരി 295 കോടി ലിറ്റർ വെള്ളമാണ് പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. ഇതിൽ 132 കോടി ലിറ്ററും പാഴാവുകയാണ്. 10 ലക്ഷം ലിറ്റർ വെള്ളത്തിന് 15,000 രൂപയാണ് അതോറിറ്റി വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതു പ്രകാരം പ്രതിദിനം 1.99 കോടി രൂപയുടെ നഷ്ടമാണ് അതോറിറ്റിക്കുണ്ടാവുന്നത്.
ഒരു യൂനിറ്റ് (1000 ലിറ്റർ) വെള്ളം ഉൽപാദിപ്പിക്കുന്നതിന് 23.89 രൂപയാണ് ചെലവെന്നും ഉപഭോക്താക്കളിൽനിന്ന് ഒരു യൂനിറ്റിന് കിട്ടുന്നത് 10.50 രൂപയാണെന്നുമുള്ള ന്യായവാദമുന്നയിച്ചാണ് ജലവകുപ്പും സർക്കാറും നിരക്ക് വർധനക്ക് കളമൊരുക്കിയത്. എന്നാൽ, 132 കോടി ലിറ്റർ വെള്ളത്തിന്‍റെ ചോർച്ച സൃഷ്ടിക്കുന്ന ഭീമമായ നഷ്ടം തടയാൻ ഒന്നും ചെയ്യാതെയാണ് ഉപഭോക്താക്കൾക്ക് നേരെ തിരിയുന്നത്.
വരുമാനരഹിത വെള്ളത്തിന്‍റെ അളവ് കുറക്കുമെന്നും ചോർച്ച പരിഹരിക്കുമെന്നും മാത്യു ടി. തോമസ് ജലമന്ത്രിയായിരുന്ന കാലത്ത് പ്രഖ്യാപിച്ചതാണെങ്കിലും വർഷമിത്രയായിട്ടും ഒരടി മുന്നോട്ടുപോയിട്ടില്ല. അതോറിറ്റിക്കാകട്ടെ ഇക്കാര്യത്തിൽ താൽപര്യവുമില്ല. വിതരണ പൈപ്പുകൾ വഴിയുള്ള ചോർച്ച, മീറ്ററുകൾ പ്രവർത്തിക്കാത്തത്, ജല മോഷണം എന്നിവയാണ് വരുമാന നഷ്ടത്തിന് കാരണം.
ജപ്പാൻ ഇൻറർനാഷനൽ കോർപറേഷൻ ഏജൻസി നടത്തിയ പഠനത്തിൽ ഗാർഹിക കണക്ഷനുകളിൽനിന്നുള്ള ചോർച്ചയാണ് ജലനഷ്ടത്തിന് പ്രധാന കാരണമെന്ന് കണ്ടെത്തിയിരുന്നു.പ്രധാന ലൈനുകളിലും ഉപ ലൈനുകളിലും മീറ്ററുകൾ സ്ഥാപിച്ച് ചോർച്ച കണ്ടെത്തുന്നതിന് ആലോചിച്ചെങ്കിലും നടപടിയുണ്ടായില്ല. പഴയ ലൈനുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് മറ്റൊരാവശ്യം.
ഇതിനു നടപടി തുടങ്ങിയതായി മന്ത്രി മാത്യു ടി. തോമസ് 2016-ൽ നിയമസഭയെ അറിയിച്ചിരുന്നു. അറ്റകുറ്റപ്പണിക്കായി പ്രധാന നഗരങ്ങളിൽ മാത്രമുള്ള ബ്ലൂ ബ്രിഗേഡ് സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കിയിട്ടും ജലനഷ്ടം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. പൈപ്പ് ലൈനുകൾ കടന്നുപോകുന്ന ഭാഗം ഭൂപടത്തിന്‍റെ സഹായത്തിൽ അടയാളപ്പെടുത്തുന്നതിന് നടപടി തുടങ്ങിയെങ്കിലും ഇതും ഉദ്ദേശിച്ച ഫലമുണ്ടാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.