ഉൽപാദനം കൂടി; കോഴിയിറച്ചി വില താഴേക്ക്
text_fieldsമലപ്പുറം: സംസ്ഥാനത്ത് ഉൽപാദനം ഉയരുകയും ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവയുടെ വില കുറയുകയും ചെയ്തതോടെ വിപണിയിൽ ചിക്കൻ വില താഴേക്ക്. റീട്ടെയിൽ വിപണികളിൽ ഇപ്പോൾ കോഴിയിറച്ചി കിലോക്ക് 120 മുതൽ 140 രൂപ വരെയായാണ് വിൽക്കുന്നത്. നേരത്തേ 200 മുതൽ 240 രൂപ വരെയായിരുന്നു വില. വില കുറഞ്ഞതോടെ കോഴിയിറച്ചി വിൽപന ഇരട്ടിയായി ഉയർന്നു.
കാലാവസ്ഥ അനുകൂലമായതോടെയാണ് സംസ്ഥാനത്തെ ഫാമുകളിൽ ചിക്കൻ ഉൽപാദനം ഗണ്യമായി വർധിച്ചത്. ഇത് കോഴിക്കർഷകർക്ക് ഏറെ പ്രതീക്ഷ നൽകി. ഇതിനിടെ അയൽ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന കോഴികളുടെ വില പകുതിയായി കുറച്ചതോടെ പൊതുവിപണിയിലെ വില താഴേക്കു പതിച്ചു. മേയ് അവസാനം വരെ കിലോക്ക് 220-240 രൂപ വിലയുണ്ടായിരുന്നു. ജൂണായതോടെ 200ലേക്കും 190ലേക്കുമായി കുറഞ്ഞു. ജൂലൈയിൽ 170-190 രൂപയായിരുന്നു പ്രാദേശിക വിപണിയിലെ വില. ആഗസ്റ്റ് ആദ്യ വാരത്തോടെ വില കുറഞ്ഞ് 120 വരെയായി. ശനിയാഴ്ച പ്രാദേശിക വിപണിയിൽ 10 മുതൽ 15 രൂപ വരെ ഉയർന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കച്ചവടക്കാർ അറിയിച്ചു.
കോഴിയുടെ വില കുറഞ്ഞത് പ്രാദേശിക കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. ഒരു കോഴിയെ വളർത്തി വിപണിയിലെത്തിക്കാൻ കർഷകന് 90 മുതൽ 110 രൂപ വരെ ചെലവ് വരുന്നുണ്ട്. വില കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലാണ്. ഈ സ്ഥിതി തുടർന്നാൽ നഷ്ടം ഇരട്ടിക്കും. കേരളത്തിലെ കർഷകർ കോഴിക്കുഞ്ഞുങ്ങൾക്കും തീറ്റക്കുമെല്ലാം അയൽസംസ്ഥാനങ്ങളിലെ ഹാച്ചറി യൂനിറ്റുകളെയും കമ്പനികളെയുമാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്തിന് മാത്രമായി ഹാച്ചറി യൂനിറ്റുകളും സംവിധാനങ്ങളും വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.