കണ്ണൂർ വി.സിയുടെ താൽകാലിക ചുമതല പ്രഫ. ബിജോയ് നന്ദന്
text_fieldsതിരുവനന്തപുരം/കണ്ണൂർ : ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മറൈൻ ബയോളജി വിഭാഗം സീനിയർ പ്രഫസർ ഡോ. എസ്. ബിജോയ് നന്ദന് കണ്ണൂർ സർവകലാശാല വൈസ്ചാൻസലറുടെ ചുമതല നൽകി ചാൻസലറായ ഗവർണർ വിജ്ഞാപനമിറക്കി.വെള്ളിയാഴ്ച ഉച്ചക്ക് സർവകലാശാല ആസ്ഥാനത്ത് എത്തിയ പ്രഫ. ബിജോയ് ചുമതലയേറ്റു. അപ്രതീക്ഷിതമായ നിയമനമാണെന്നും നിയമനക്കാര്യം ഗവർണർ നേരിട്ടു വിളിച്ചുപറയുകയായിരുന്നുവെന്നും ബിജോയ് നന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങൾ ഒഴിവാക്കി സർവകലാശാലക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാൻസലറുടെ അധികാരം വ്യക്തമാക്കിയുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാറുമായോ സർവകലാശാലയുമായോ ആലോചിക്കാതെ ചാൻസലർ നേരിട്ടാണ് വി.സിയുടെ ചുമതല ഇദ്ദേഹത്തിന് നൽകിയത്. നേരത്തേ ഫിഷറീസ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ചുമതല നൽകാൻ ഗവർണർ മുമ്പാകെ നിർദേശിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു ബിജോയ് നന്ദന്റേത്.
കുസാറ്റ് സെനറ്റ്, സിൻഡിക്കേറ്റ് അംഗമായിരുന്ന ഡോ. ബിജോയിക്ക് 29 വർഷത്തെ അധ്യാപന, ഗവേഷണ പരിചയമുണ്ട്. മികച്ച പിഎച്ച്.ഡി ഗവേഷണ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്റു അവാർഡ്, യുനെസ്കോ ഫെലോഷിപ്, ഫുൾബ്രൈറ്റ് ഫെലോഷിപ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.