ഡോ.കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പ്രൊഫ. ഡോ. പി.ഒ. നമീറിന്
text_fieldsതിരുവനന്തപുരം: നാലാമത് ഡോ.കമറുദ്ദീൻ പരിസ്ഥിതി പുരസ്കാര ജേതാവായി കേരള കാർഷിക സർവകലാശാലയുടെ കോളേജ് ഓഫ് ഫോറസ്ട്രിയിലെ വന്യജീവിശാസ്ത്ര വിഭാഗം തലവനും, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീനുമായ പ്രൊഫ. ഡോ. പി.ഒ. നമീറിനെ തെരഞ്ഞെടുത്തു. അന്തർ ദേശീയ അക്കാദമിക ബോഡികളിലടക്കം ജൈവ-പരിസ്ഥിതി മേഖലകളിൽ വിവിധ തലങ്ങളിലായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന ഡോ. നമീറിന്റെ വിവിധ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നതെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ ഡോ. ജോർജ് എഫ്. ഡിക്രൂസും, അംഗങ്ങളായ ഒ.വി.ഉഷ,ഡോ.സുഹ്റ ബീവി ഡോ.മധുസൂദനൻ വയലാ എന്നിവരും പറഞ്ഞു.
25000 രൂപയും പ്രശസ്തിപത്രം ഫലകവും അടങ്ങിയ പുരസ്കാരം 2023 നവംബർ 13 തിങ്കളാഴ്ച രാവിലെ 10 ന് കേരള സർവ്വകലാശാല കാര്യവട്ടം ബോട്ടണി ഡിപ്പാർട്ടുമെൻറിൽ നടക്കുന്ന ഡോ.കമറുദ്ദീൻ അനുസ്മരണ സമ്മേളനത്തിൽ മാധ്യമപ്രവർത്തകനും, ടെലഗ്രാഫ് എഡിറ്റർ-അറ്റ്- ലാർജുമായ ആർ.രാജഗോപാൽ സമ്മാനിക്കുമെന്ന് കെ.എഫ്.ബി.സി ഭാരവാഹികളായ ഡോ. ബി. ബാലചന്ദ്രൻ സാലി പാലോട് എന്നിവർ അറിയിച്ചു.
അന്തരിച്ച പ്രമുഖ പരിസ്ഥിതി സമര നായകനും കേരള യൂനിവേഴ്സിറ്റി ബോട്ടണി വിഭാഗം റീഡറുമായിരുന്ന ഡോ. കമറുദ്ദീന്റെ ഓർമക്കായാണ് ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവഴ്സിറ്റി കൺസർവേഷൻ (കെ.എഫ്.ബി.സി) 2020 മുതൽ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്ത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ആതിരപ്പള്ളി വാഴച്ചാൽ സമരനായിക ഗീത വാഴച്ചാൽ, പരിസ്ഥിതി - മനുഷ്യാവകാശ പ്രവർത്തക ദയാബായി എന്നിവർക്കായിരുന്നു മുൻവർഷങ്ങളിൽ പുരസ്കാരം സമ്മാനിച്ചത്.
ദേശീയ, അന്തർദേശീയ തലങ്ങളിൽ അറിയപ്പെടുന്ന അക്കാദമീഷ്യനും ശാസ്ത്രജ്ഞനുമാണ് ഡോ.പി.ഒ. നമീർ. അദ്ദേഹം പശ്ചിമഘട്ട ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
സംസ്ഥാനതല തണ്ണീർത്തട മോണിറ്ററിങ് കമ്മിറ്റി എക്സ്പേർട്ടായി പ്രവർത്തിക്കുന്ന അദ്ദേഹത്തിെന്റെ ശ്രമഫലമായാണ് കേരളത്തിലെ കോൾ നിലങ്ങൾ "രംസാർ " സംരക്ഷണ പട്ടികയിൽ ഇടംപിടിച്ചത്. കേരളത്തിൽ ആദ്യമായി പക്ഷികളുടെ അറ്റ്ലസും, ഇന്ത്യൻ സസ്തനികളുടെ ചെക്‌ലിസ്റ്റും തയ്യാറാക്കിയത് അദ്ദേഹമാണ്. ചാലക്കുടിപ്പുഴയുടെ നീർമറിപ്രദേശത്തെ മാപ്പിങ് നടത്തുക വഴി നാല് ജില്ലകളുടെ കാർഷിക ഭൂപടത്തെ പുനർനിർണയിക്കാൻ സഹായിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പ്രാദേശികമായി മനസ്സിലാക്കാൻ അദ്ദേഹം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ആയ കാർബോഫുട്ട് 2023 ശ്രദ്ധേയമാണ്. കാർബൺ ഫുട്ട് പ്രിന്റ് എന്നത് ഒരു രാജ്യമോ, പ്രദേശമോ, വ്യക്തിയോ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ ശരാശരി അളവിന്റെ സൂചകമാണ്. അത് തിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന മൊബൈൽ ആപ്പ് ആണ് കാർബോഫുട്ട്.
1990 മുതൽ ഏഷ്യൻ നീർപക്ഷികളുടെ സെൻസസ് സംസ്ഥാനതല കോഡിനേറ്ററായും 2000 മുതൽ ഇന്ത്യൻ പക്ഷിസംരക്ഷണ ശൃംഖലയുടെ (IBCN) സംസ്ഥാന കോഡിനേറ്ററായും പ്രവർത്തിക്കുക വഴി സംസ്ഥാനത്തിലെ 35 പക്ഷി-ജൈവവൈവിധ്യമേഖലകൾ ഐ.ബി.എ.എസ് (Bird and Biodiversity Areas ) സംരക്ഷണപട്ടികയിൽ ഇടം നേടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.