പ്രഫ. മഹാദേവൻ പിള്ള കേരള വൈസ് ചാൻസലർ
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലറായി പ്രഫ.വി.പി. മഹാദേവൻ പിള്ളയെ ചാൻസലറായ ഗവർണർ ജസ്റ്റിസ് പി. സദാശിവം നിയമിച്ചു. നാലുവർഷമാണ് കാലാവധി. മൂന്നംഗ സെർച് കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ചാണ് നിയമനം. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശിയാണ്. കേരള സർവകലാശാല ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിൽ പ്രഫസറാണ്. 36 വർഷത്തെ അധ്യാപന, ഗവേഷണ പരിചയമുള്ള ഇദ്ദേഹം 2005 മുതൽ കേരള സർവകലാശാലയിൽ പ്രഫസറാണ്.
സർവകലാശാല അൈപ്ലഡ് സയൻസസ് ഫാക്കൽറ്റി ഡീൻ കൂടിയാണ്. 1982ൽ കൊട്ടാരക്കര സെൻറ് ഗ്രിഗോറിയസ് കോളജിൽ അധ്യാപകനായി പ്രവേശിച്ചു. 2001ൽ കേരള സർവകലാശാലയിൽ റീഡറായി നിയമനം ലഭിച്ചു. കേരള സർവകലാശാലയിൽനിന്ന് ഫിസിക്സിൽ ബിരുദവും ബിരുദാനന്ത ബിരുദവും എം.ഫിലും പിഎച്ച്.ഡിയും പൂർത്തിയാക്കി. ജർമനി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറാായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരളയിലെ ഒപ്റ്റോ ഇലക്ട്രോണിക്സ് ബോർഡ് ഒാഫ് സ്റ്റഡീസ് ചെയർമാൻ, നാനോ സയൻസ് ആൻഡ് നാനോടെക്നോളജി ബോർഡ് ഒാഫ് സ്റ്റഡീസ് അംഗം, കുസാറ്റിൽ ഫോട്ടോണിക്സ്, പെരിയാർ സർവകലാശാലയിൽ ഫിസിക്കൽ സയൻസ്, അളഗപ്പ സർവകലാശാലയിൽ ബയോഇലക്ട്രോണിക്സ്, റായ്പൂർ പണ്ഡിറ്റ് രവിശങ്കർ ശുക്ല സർവകലാശാലയിൽ ഇലക്ട്രോണിക് സയൻസ് ബോർഡ് ഒാഫ് സ്റ്റഡീസ് അംഗം എന്നീ പദവികളും വഹിച്ചു.
ഐ.എസ്.ആർ.ഒയിൽ സ്പെഷൽ ടാസ്ക് കമ്മിറ്റി അംഗമായിരുന്നു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ അക്കാദമിക് കമ്മിറ്റി അംഗവും കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജ് അക്കാദമിക് കൗൺസിലിലെ സർവകലാശാലാ പ്രതിനിധിയുമാണ്. ഡോ.പി.കെ. രാധാകൃഷ്ണൻ കഴിഞ്ഞ ഫെബ്രുവരിയിൽ കാലാവധി പൂർത്തിയാക്കിയശേഷം കേരള സർവകലാശാലയിൽ വി.സി പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനായിരുന്നു വി.സിയുടെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.